
കൊല്ലം: കൊല്ലത്ത് 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുപകണങ്ങളുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ആലപ്പാട് സ്വദേശികളായ ബാബു, ശശി, സുരുകുമാർ എന്നിവരാണ് പിടിയിലായത്. കൊല്ലം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ് മനോജ് കുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷ് എസിന്റെ നേതൃത്വത്തിലാണ് റെയ്‌ഡ് നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ് മനോജ് കുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടമാരായ (ഗ്രേഡ്) എബിമോൻ കെ.വി, ഉണ്ണികൃഷ്ണപിള്ള, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജിനു തങ്കച്ചൻ, ചാൾസ്, പ്രദീപ്കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ ജിജി.എസ്.പിള്ള,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു. മറ്റൊരു സംഭവത്തിൽ ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ അറുപത് ലിറ്റർ കോടയുമായി മദ്ധ്യവയസ്കൻ എക്സൈസിന്‍റെ പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കലൂപറമ്പിൽ ലൈജു (56) ആണ് കോടയുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. കുറച്ചു നാളുകളായി ഇയാൾ ചാരായം വാറ്റി വിതരണം ചെയ്തു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഏറെ നാളായി ലൈജുവിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് കോടയുമായി പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.ആർ. പ്രബീൺ, അബ്ദുൽ ഷുക്കൂർ, ജെ. ജയകുമാർ, വി.കെ. മനോജ് കുമാർ, ശിവൻ, എക്സൈസ് ഓഫീസർ ബി. സുബിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ അനിത എന്നിവരടങ്ങിയ സംഘമാണ് ലൈജുവിനെ പിടികൂടിയത്. അതേ സമയം ഇന്ന് കൊച്ചിയിൽ ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ അങ്കമാലിയിൽ പൊലീസിന്റെ പിടിയിലായി. ഒഡീഷ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി (22) എന്നിവരാണ് പിടിയിലായത്. സ്ഥിരം കുറ്റവാളികളാണെന്നും കഞ്ചാവ് സ്ഥിരം കടത്തുന്നവരാണ് ഇവരെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
