മെസി പിന്നോട്ടില്ല, 2026 ലോകകപ്പില്‍ കളിക്കുമെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം! ആരാധകരും ഹാപ്പി

ന്യൂയോര്‍ക്ക്: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു. 2026ലെ ഫിഫ ലോകകപ്പിന് 14 മാസം ബാക്കി നില്‍ക്കേയാണ് ലിയോണല്‍ മെസിയുടെ സുപ്രധാന വെളിപ്പെടുത്തല്‍. ”അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹം ഉണ്ട്. ഇല്ലെന്ന് പറഞ്ഞതാല്‍ അതൊരു നുണ ആയിരിക്കും. ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ ഈവര്‍ഷം നിര്‍ണായകമാണ്.” മെസി പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ്് ഖത്തറില്‍ ഇനിയൊരു ലോകകപ്പിന് താനുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് മെസി അര്‍ജന്റീനയെ ചാംപ്യന്‍മാരാക്കിയത്. ജൂണില്‍ മുപ്പത്തിയെട്ട് വയസ്സ് തികയുന്നെ മെസ്സിക്ക് തുടരേ ഏല്‍ക്കുന്ന പരിക്കാണ് വെല്ലുവിളിയാവുന്നത്. അവസാന അഞ്ച് മാസമായി മെസി അര്‍ജന്റൈന്‍ ജഴ്‌സിയില്‍ കളിച്ചിട്ടില്ല. 2005ല്‍ അര്‍ജന്റൈന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മെസ്സി 191 മത്സരങ്ങളില്‍ നേടിയത് 112 ഗോള്‍. 2026 ലോകകപ്പിന് തെക്കേ അമേരിക്കയില്‍ നിന്ന് ഒന്നാമന്‍മാരായി യോഗ്യത നേടിയ അര്‍ജന്റീനയ്ക്ക് നാല് മത്സരങ്ങള്‍ ബാക്കിയുണ്ട്. ജൂണില്‍ ചിലിയും കൊളംബിയയും സെപ്റ്റംബറില്‍ വെനസ്വേലയും ഇക്വഡോറുമാണ് അര്‍ജന്റീനയുടെ എതിരാളികള്‍. പരിക്ക് വലച്ചില്ലെങ്കില്‍ മെസി ഈ മത്സരങ്ങളിലും അടുത്ത ലോകകപ്പിലും കളിക്കുമെന്ന് ഉറപ്പാണ്. 2026 ലോകകപ്പില്‍ കളിക്കാന്‍ മെസിക്ക് ആഗ്രഹമുണ്ടെന്ന് ഉറ്റസുഹൃത്ത് ലൂയിസ് സുവാരസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്തിടെ ബ്രസീലിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. മെസിയില്ലാതെ ഇറങ്ങിയിട്ടും അര്‍ജന്റീന ഒന്നിനെതിരെ നാല് ഗോളിന് ജയിക്കുകയായിരുന്നു. ഗിയൂലിയാനോ സിമിയോണി, ജൂലിയന്‍ അല്‍വാരസ്, അലക്സിസ് മാക് അലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് അര്‍ജന്റീനക്കായി വല കുലുക്കിയത്. ആദ്യ മൂന്ന് ഗോളുകള്‍ ഒന്നാം പകുതിയിലും നാലാം ഗോള്‍ രണ്ടാം പകുതിയിലുമാണ് നേടിയത്. കളി തുടങ്ങി നാലാം മിനിറ്റില്‍ അല്‍വാരസാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്.
