സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്തു, തുറന്നപ്പോൾ അകത്ത് ഡെലിവറി ബോയ്‍യുടെ കുറിപ്പ്, എഴുതിയത് ഇങ്ങനെ

ഒരു സൊമാറ്റോ ഡെലിവറി ഏജന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. ബെംഗളൂരുവിൽ നിന്നുള്ള ഈ യുവാവ് ഫുഡ് ഡെലിവറി ഓർഡറിനൊപ്പം ഒരു കുഞ്ഞുകുറിപ്പും കൂടി വയ്ക്കുക്കുകയായിരുന്നു. അതിൽ പറയുന്നത്, തനിക്ക് ഇന്റേൺഷിപ്പ് ചെയ്യേണ്ടതുണ്ട്, അതിനുള്ള അവസരമുണ്ടെങ്കിൽ അറിയിക്കാനാണ്. നിഖിൽ സി എന്ന ഒരു കസ്റ്റമറാണ് ലിങ്ക്ഡ്ഇന്നിൽ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിഖിൽ ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പമാണ് ഈ കുറിപ്പ് ഉണ്ടായിരുന്നത്. ബെംഗളൂരുവിൽ നിന്നുള്ള സൊല്യൂഷൻ എഞ്ചിനീയറാണ് നിഖിൽ. സൊമാറ്റോ ഡെലിവറി ഏജന്റിനെ അഭിനന്ദിച്ചുകൊണ്ടാണ് നിഖിൽ പോസ്റ്റിട്ടിരിക്കുന്നത്. കൈകൊണ്ടെഴുതിയിരിക്കുന്ന ഒരു കുറിപ്പാണ് നിഖിലിന്റെ ഭക്ഷണത്തിനൊപ്പം ഉണ്ടായിരുന്നത്. അതിൽ പറയുന്നത് താനൊരു കോളേജ് വിദ്യാർത്ഥിയാണ്. മാർക്കറ്റിംഗ് ഇന്റേൺഷിപ്പിന് വേണ്ടി അന്വേഷിക്കുകയാണ്. തനിക്ക് പറ്റിയ അവസരമുണ്ടെങ്കിൽ തന്നെ അറിയിക്കുമല്ലോ എന്നാണ്. ഞാൻ മാർക്കറ്റിംഗിൽ (സെയിൽസിൽ അല്ല) ഒരു സമ്മർ ഇന്റേൺഷിപ്പിനായി അന്വേഷിക്കുന്ന ഒരു കോളേജ് വിദ്യാർത്ഥിയാണ്. എന്നെ ബന്ധപ്പെടുക എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പിൽ ഫോൺ നമ്പറും ചേർത്തിരിക്കുന്നത്. കുറിപ്പിന്റെ മറുഭാഗത്ത് തന്റെ മോശം കയ്യക്ഷരത്തിന് ക്ഷമയും ചോദിക്കുന്നുണ്ട്. യുവാവിന്റെ ധൈര്യത്തെ നിഖിൽ പോസ്റ്റിൽ അഭിനന്ദിച്ചു. ചില സമയങ്ങളിൽ ഇങ്ങനെയും അവസരങ്ങൾക്ക് വേണ്ടി അന്വേഷിക്കാം എന്നാണ് നിഖിലിന്റെ പക്ഷം. ആരെങ്കിലും ഈ വിദ്യാർത്ഥിക്ക് കഴിവ് ഉണ്ട് എന്ന് തോന്നിയാൽ അവനുള്ള അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും നിഖിൽ പറയുന്നുണ്ട്. നിഖിൽ മാത്രമല്ല ഒരുപാടുപേരാണ് സോഷ്യൽ മീഡിയയിൽ ഈ യുവാവിനെ അഭിനന്ദിച്ചിരിക്കുന്നത്. ഇങ്ങനെ ചെയ്യാൻ നല്ല ധൈര്യം വേണം, അവനുള്ള അവസരം കിട്ടട്ടെ എന്ന് കമന്റ് നൽകിയവരുണ്ട്. അതുമാത്രമല്ല, ഈ കുറിപ്പ് എഴുതിയിട്ട യുവാവ് തന്നെ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. കരൺ അന്ധാനി എന്ന യുവാവ് കുറിക്കുന്നത്, ആ ഡെലിവറി ബോയ് താനാണ്. പോസ്റ്റിന് നന്ദി എന്നാണ്.
