Sports

ടേബിള്‍ ടോപ്പര്‍മാര്‍, ഓറഞ്ച് ക്യാപ്, പര്‍പ്പിള്‍ ക്യാപ്; ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് തരംഗം

കൊല്‍ക്കത്ത: ഐപിഎല്ലില്‍ വീണ്ടുമൊരു കിരീടക്കുതിപ്പിലേക്കോ ഗുജറാത്ത് ടൈറ്റന്‍സ്. ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലിന് കീഴില്‍ എട്ടില്‍ ആറ് മത്സരങ്ങളും ജയിച്ച് പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ് ടൈറ്റന്‍സ്. മികവിന് അടിവരയിട്ട് +1.104  എന്ന മികച്ച നെറ്റ്‌റണ്‍റേറ്റും ടീമിന് സ്വന്തം. പരിശീലകന്‍ ആശിഷ് നെഹ്‌റയുടെ തന്ത്രങ്ങള്‍ ടീമിന് മൈതാനത്ത് ഇരട്ടി കരുത്ത്. സമ്പൂര്‍ണ മേധാവിത്വവുമായി കുതിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് എതിരാളികള്‍ക്ക് നല്‍കുന്നത് ശക്തമായ താക്കീത്.  വലിയ ബഹളകോലാഹലങ്ങള്‍ ഒന്നുമില്ലാതെ ഐപിഎല്‍ 2025 സീസണിനിറങ്ങിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. മെഗാതാരലേലത്തില്‍ ജോസ് ബട്‌ലറെ സ്വന്തമാക്കിയത് മാറ്റിനിര്‍ത്തിയാല്‍ വലിയ വാങ്ങലുകളൊന്നും ടീമിനുണ്ടായിരുന്നില്ല. ഓപ്പണിംഗില്‍ സായ് സുദര്‍ശന്‍- ശുഭ്‌മാന്‍ ഗില്‍ കൂട്ടുകെട്ടില്‍ ഫ്രാഞ്ചൈസി വീണ്ടും വിശ്വാസമര്‍പ്പിച്ചു. വണ്‍ഡൗണായി വരുന്ന ബട്‌ലറെയും മാറ്റിനിര്‍ത്തിയാല്‍ ഒറ്റയ്ക്ക് ജയിപ്പിക്കാനാകുന്ന ബാറ്റര്‍മാര്‍ ആരും ടൈറ്റന്‍സില്‍ ഇല്ല. ഐപിഎല്‍ പതിനെട്ടാം സീസണില്‍ രാഹുല്‍ തെവാട്ടിയ ഇതുവരെ മിന്നലാട്ടം നടത്തിയിട്ടില്ല. ഷാരൂഖ് ഖാനും ഷെര്‍ഫേന്‍ റൂത്തര്‍ഫോഡും മാത്രമാണ് ഫിനിഷിംഗില്‍ ഭേദമെന്ന് പറയാനുള്ളത്. എന്നിട്ടും ടീം അനായാസം 200നടുത്ത് സ്കോറുകള്‍ നേടുന്നു. എല്ലാത്തിനും കടപ്പെട്ടിരിക്കുന്നത് സായ്, ഗില്‍, ബട്‌ലര്‍ ടോപ് ത്രീയോട്.  എട്ട് മത്സരങ്ങളില്‍ 417 റണ്‍സുമായി സായ് സുദര്‍ശന്‍ ഐപിഎല്‍ പതിനെട്ടാം സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് കൈവശം വച്ചിരിക്കുന്നു. എട്ടില്‍ അഞ്ച് കളികളിലും സായ്ക്ക് ഫിഫ്റ്റിയുണ്ട്. 356 റണ്‍സുമായി ജോസ് ബട്‌ലര്‍ മൂന്നാം സ്ഥാനത്തും305 റണ്‍സുമായി ശുഭ്‌മാന്‍ ഗില്‍ ഏഴാം സ്ഥാനത്തുമുണ്ട്. മൂവര്‍ക്കും മികച്ച സ്ട്രൈക്ക്റേറ്റും ബാറ്റിംഗ് ശരാശരിയും സ്വന്തം.  ബൗളിംഗാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ശരിയായ കരുത്ത് എന്നാണ് ഇതുവരെയുള്ള മത്സരങ്ങള്‍ തെളിയിക്കുന്നത്. പേസര്‍ മുഹമ്മദ് സിറാജ് അയാളുടെ ദിനം ന്യൂബോളില്‍ കൊടുങ്കാറ്റാവുന്നു. വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മ അത്ര പോരെങ്കിലും പ്രസിദ്ധ് കൃഷ്‌ണ ഞെട്ടിച്ചു. പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞെത്തിയ പ്രസിദ്ധ് 8 മത്സരങ്ങളില്‍ 14.12 ശരാശരിയില്‍ 16 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് തലയില്‍ വച്ചിരിക്കുന്നു. ടൈറ്റന്‍സിന്‍റെ സ്പിന്‍ ത്രയവും മോശമല്ല. തന്‍റെ മിസ്റ്റരി സ്പിന്‍ കഴിഞ്ഞ സീസണ്‍ മുതല്‍ കൈമോശം വന്ന റാഷിദ് ഖാന്‍ ഇത്തവണ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ട്രാക്കിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റൊരു സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന് അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ബാറ്റിംഗില്‍ സായ് സുദര്‍ശനാണേല്‍ സ്‌പിന്‍ ബൗളിംഗില്‍ മറ്റൊരു സായ് ആണ് ടൈറ്റന്‍സിന്‍റെ നിലവിലെ സൂപ്പര്‍ ഹീറോ, അത് രവിശ്രീനിവാസന്‍ സായ് കിഷോര്‍ ആണ്. 12 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ സായ് കിഷോര്‍ നാലാമതുണ്ട്. സിറാജിനുമുണ്ട് 12 വിക്കറ്റ്. ടീമിലെ ഏറ്റവും മികച്ച പേസറായ കാഗിസോ റബാഡ ഇല്ലാതിരുന്നിട്ടും ടൈറ്റന്‍സ് ബൗളിംഗ് ടൈറ്റാണെന്ന് ചുരുക്കം.  പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനം, പര്‍പ്പിള്‍ ക്യാപും ഓറഞ്ച് ക്യാപും സ്വന്തം താരങ്ങള്‍ക്ക്. ഐപിഎല്‍ 2025 സീസണില്‍ കുതിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. എതിരാളികള്‍ കരുതിയിരുന്നോളൂ. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button