
കോട്ടയം: തിരുവാതുക്കലിലെ ഇരട്ട കൊലപാതക കേസിൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. പ്രതിയെ ഉടൻ പിടികൂടുമെന്നും ഒരാൾ മാത്രമാണ് പ്രതിയെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് വ്യക്തമാക്കി. ദമ്പതികളെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി വിജയകുമാറിന്റെ വീട്ടിൽ നിന്ന് തന്നെയാണ് എടുത്തിട്ടുള്ളത്. വിജയകുമാറിന്റെയും മീരയുടെയും മകൻ ഗൗതമിന്റെ മരണവുമായി ഈ കൊലപാതകത്തിന് ബന്ധം ഉള്ളതായി സ്ഥിരീകരണം ഇല്ലെന്നും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയോടെയാണ് കോട്ടയത്ത് തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടിലെ ജോലിക്കാരി രാവിലെ എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ദേഹത്ത് മുറിവേറ്റ പാടുകളടക്കമുള്ളതിനാൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നിഗമനം. രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. കോട്ടയത്തെ ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍.
