കോലിയെയും വാര്‍ണറെയും പിന്നിലാക്കി; ഐപിഎല്ലിൽ അഭിമാന നേട്ടം സ്വന്തമാക്കി രാഹുൽ

ലക്നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അഭിമാന നേട്ടം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് താരം കെ.എൽ രാഹുൽ. വേഗത്തിൽ 5000 റൺസ് എന്ന നാഴികക്കല്ല് തികയ്ക്കുന്ന ബാറ്റ്സ്മാനായി രാഹുൽ മാറി. ലക്നൗവിലെ ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസും ലക്നൗ സൂപ്പർ ജയന്റ്‌സും തമ്മിൽ നടന്ന മത്സരത്തിലാണ് രാഹുൽ ഈ നേട്ടം കൈവരിച്ചത്. 130 ഇന്നിംഗ്സുകളിൽ നിന്നാണ് രാഹുൽ 5000 റൺസ് തികച്ചത്. 2020ൽ ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കിയ റെക്കോര്‍ഡാണ് രാഹുലിന് മുന്നിൽ വഴിമാറിയത്. 135 ഇന്നിംഗ്സുകളിൽ നിന്നാണ് വാര്‍ണര്‍ 5000 റൺസ് തികച്ചിരുന്നുത്. അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെയായിരുന്നു വാര്‍ണര്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി 157-ാം ഇന്നിംഗ്‌സിൽ 5000-ാം റൺസ് നേടിയ വിരാട് കോലിയാണ് പട്ടികയിൽ മൂന്നാമത്. എബി ഡിവില്ലിയേഴ്‌സ് (161), ശിഖർ ധവാൻ (168) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. ഐപിഎൽ ചരിത്രത്തിൽ 5000 റൺസ് നേടുന്ന എട്ടാമത്തെ ബാറ്റ്‌സ്മാനാണ് രാഹുൽ. വിരാട് കോലി, രോഹിത് ശർമ്മ, ശിഖര്‍ ധവാൻ, ഡേവിഡ് വാർണർ, സുരേഷ് റെയ്‌ന, എം.എസ് ധോണി, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് 5000 റൺസ് ക്ലബ്ബിലുള്ള മറ്റ് ബാറ്റര്‍മാര്‍.
