സ്വർണ്ണമിട്ടാൽ 30 മിനിറ്റിനുള്ളില്‍ ഉരുക്കി പണം തരുന്ന എടിഎം മെഷീൻ, അമ്പമ്പോ ഇതിവിടെയും വേണമെന്ന് നെറ്റിസണ്‍സ്

സ്വർണ്ണം നൽകിയാൽ അത് ഉരുക്കി അതിനു പകരം പണം നൽകുന്ന എടിഎമ്മുമായി ചൈന. ഷാങ്ഹായിലെ ഗ്ലോബൽ ഹാർബർ ഷോപ്പിംഗ് മാളിലാണ് ഈ എടിഎം സ്ഥാപിച്ചിരിക്കുന്നത്. കിംഗ്ഹുഡ് ഗ്രൂപ്പാണത്രെ ഈ സ്മാർട്ട് മെഷീൻ വികസിപ്പിച്ചെടുത്തത്. ഇതിനോടകം തന്നെ ഇത് ഹിറ്റായിരിക്കുകയാണ് എന്നും പ്രത്യേകിച്ച് പ്രായമായവർക്കിടയിലാണ് ഇതിന് വലിയ പ്രചാരം ലഭിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. സ്വർണ്ണം മെഷീനിൽ വച്ചു കഴിഞ്ഞാൽ അത് അതിന്റെ പരിശുദ്ധി സ്കാൻ ചെയ്ത് മനസിലാക്കും, പിന്നീട് തൂക്കി നോക്കുകയും ആ സ്വർണ്ണം ഉരുക്കുകയും ചെയ്യും. മൂല്യനിർണ്ണയം പൂർത്തിയായിക്കഴിഞ്ഞാൽ, അതിന്റെ മൂല്ല്യത്തിനുള്ള പണം നേരിട്ട് കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. കുറഞ്ഞത് 50% പരിശുദ്ധിയുള്ള മൂന്ന് ഗ്രാമിൽ കൂടുതൽ ഭാരമുള്ള സ്വർണ്ണമാണ് എടിഎമ്മിൽ സ്വീകരിക്കുക. സ്വർണ്ണ വില കുതിച്ചുയരുന്നതിനാൽ തന്നെ ഈ മെഷീനിന്റെ പ്രാധാന്യവും കുതിച്ചുയരുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈന ടൈംസിന്റെ റിപ്പോർട്ട് പ്രകാരം, വരാനിരിക്കുന്ന മെയ് അവധി ദിവസങ്ങളിൽ വൻ ഇടപാടുകളാണത്രെ ഇവിടെ നടക്കാനിരിക്കുന്നത്. ആന്റി വാങ് എന്നറിയപ്പെടുന്ന ഒരു കസ്റ്റമർ 40 ഗ്രാമിന്റെ ഒരു മാല എടിഎം മെഷീനിൽ വച്ചുകൊണ്ട് അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്. ഗ്രാമിന് 785 യുവാൻ അതായത് ഏകദേശം 9,170 രൂപ എന്നതാണ് റീസൈക്ലിംഗ് നിരക്ക് കാണിക്കുന്നത്. അങ്ങനെ 30 മിനിറ്റിനുള്ളിൽ അവർക്ക് 36,000 യുവാൻ (ഏകദേശം 4.2 ലക്ഷം രൂപ) ലഭിക്കുകയാണ്. മെഷീൻ സ്വർണ്ണത്തിന്റെ തൂക്കവും പരിശുദ്ധിയും ഒക്കെ തിട്ടപ്പെടുത്തി ആഭരണങ്ങൾ ഉരുക്കി, അതിന്റെ മൂല്യം പ്രദർശിപ്പിച്ച ശേഷം പണം നേരിട്ട് കസ്റ്റമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയാണ്. വീഡിയോ വൈറലായി മാറിയതോടെ ആളുകൾ അത്ഭുതത്തോടെയാണ് ഇതിനെ കണ്ടത്. പലരും ഈ പുതിയ കണ്ടുപിടിത്തത്തെ അഭിനന്ദിച്ചു. ഇത് കൊള്ളാം എന്നാണ് അവരുടെ അഭിപ്രായം. എത്ര വേഗത്തിൽ പണി തീർന്നു എന്ന് പലരും പറഞ്ഞു. തങ്ങളുടെ രാജ്യത്തും ഈ മെഷീൻ വേണമായിരുന്നു എന്ന് അഭിപ്രായം പറഞ്ഞവരും ഉണ്ട്. എന്നാൽ, മറ്റ് ചിലർ വീഡിയോയ്ക്ക് താഴെ തങ്ങളുടെ ആശങ്കകൾ പങ്കുവയ്ക്കാനും മറന്നില്ല. ഈ സ്വർണ്ണം എവിടെ നിന്നെങ്കിലും മോഷ്ടിച്ച് കൊണ്ടുവരുന്നത് ആണെങ്കിലോ, ഇത് എത്രമാത്രം കൃത്യമായി പ്രവർത്തിക്കും തുടങ്ങിയ സംശയങ്ങളാണ് പലരും പ്രകടിപ്പിച്ചത്.
