പിറന്നുവീണ് നിമിഷങ്ങൾ മാത്രം, കുഞ്ഞിനെ ‘വൃത്തികെട്ട രൂപ’മെന്ന് പരിഹസിച്ച് അമ്മ, പിന്നാലെ ക്ഷമാപണവും

പ്രസവിച്ച നിമിഷങ്ങൾക്ക് ശേഷം തൻറെ നവജാതശിശുവിനെ ‘വൃത്തികെട്ട രൂപ’മെന്ന് വിളിച്ച ബ്രിട്ടീഷ് യുവതിക്കെതിരെ രൂക്ഷവിമർശനം. തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇവർ സ്വന്തം കുഞ്ഞിനെ അധിക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും അതിരൂക്ഷ വിമർശനമാണ് ഇവർക്കെതിരെ ഉയരുന്നത്. യുകെയിൽ നിന്നുള്ള ജെസ് എന്ന സ്ത്രീയാണ് തന്റെ കുഞ്ഞിനെ എടുത്തുകൊണ്ട് നിൽക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് കുഞ്ഞിനെ കുറിച്ച് മോശം വാക്കുകൾ മാത്രം പറഞ്ഞത്. 1.2 ദശലക്ഷത്തിലധികം പേർ കണ്ട ഈ ക്ലിപ്പിൽ, ഇവർ കുഞ്ഞിനെ വിളിക്കുന്നത് വൃത്തികെട്ടവൻ എന്നാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വൃത്തികെട്ട മൂക്ക് ആണ് കുഞ്ഞിനുള്ളതെന്നും ഇവർ പറയുന്നു. കുഞ്ഞിന് ജന്മം നൽകിയ ഉടനെ അവനെ കണ്ടപ്പോൾ തനിക്ക് തോന്നിയ കാര്യങ്ങളാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഇവർ ഇത്തരം കാര്യങ്ങൾ പങ്കുവെച്ചത്. എന്നാൽ, അതെല്ലാം പ്രസവശേഷം ഷോക്കിൽ ആയിരിക്കുമ്പോൾ തനിക്ക് ഉണ്ടായ തോന്നലുകൾ ആയിരുന്നുവെന്നും വീഡിയോയുടെ അടിക്കുറിപ്പിൽ ഇവർ വിശദീകരിച്ചു. ഒപ്പം ഇന്ന് തൻറെ കുഞ്ഞിൻറെ രൂപഭാവങ്ങൾ കാണുമ്പോൾ താൻ മയങ്ങിപ്പോവുകയാണെന്നും അവർ അടിക്കുറിപ്പിൽ കൂട്ടിച്ചേർത്തു. കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്റെ കുഞ്ഞ് അതിസുന്ദരനാണെന്ന് തനിക്ക് തോന്നിത്തുടങ്ങിയെന്നും ആദ്യം തന്നിൽ ഉണ്ടായ ക്രൂരമായ തോന്നലുകൾക്ക് കാരണം ഹോർമോണുകൾ ആണെന്നും അതിനാൽ ആരും അതിൻറെ പേരിൽ ആക്രമിക്കരുതെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ഇവർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ജെസിൻ്റെ ഈ സോഷ്യൽ മീഡിയ പോസ്റ്റിനോട് അവൾ പ്രതീക്ഷിച്ചിത്ര മൃദുവായല്ല സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചത്. കുഞ്ഞിൻറെ ആത്മാഭിമാനത്തെ തകർക്കാനാണ് നിങ്ങൾ ഇത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്നും എത്രയും വേഗത്തിൽ ഡിലീറ്റ് ചെയ്തു കളയണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. നിങ്ങളുടെ അഭിപ്രായപ്രകടനത്തിന് കാരണം ഹോർമോണുകൾ ആണെങ്കിൽ വീണ്ടുമത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക വഴി കുഞ്ഞിനോടുള്ള ഏറ്റവും വലിയ ദ്രോഹമാണ് ചെയ്തതെന്നും നിരവധി പേർ പറഞ്ഞു. ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ സ്വന്തം കുഞ്ഞിനെ കുറിച്ച് ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിയോട് വെറുപ്പും അറപ്പും തോന്നുന്നുവെന്നും ചിലർ കുറിച്ചു.
