2018 ൽ ക്ഷേത്രത്തിന്റെ ചന്ദനമരം മോഷ്ടിച്ചു, മുങ്ങി; 7 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

കോഴിക്കോട്: ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചന്ദനമരം മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പരപ്പനങ്ങാടി ഉള്ളണം സ്വദേശി വടക്കേ ചോലക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷബീര്‍(ചാള ബാബു, 37) ആണ് ഫറോക്ക് പൊലീസിന്റെ പിടിയിലായത്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കടലുണ്ടി പഞ്ചായത്തിലെ മണ്ണൂര്‍ പിടിപ്പഴി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചന്ദനമരമാണ് ഷബീര്‍ മോഷ്ടിച്ചത്. തുടര്‍ന്ന് പൊലീസ് പിടികൂടുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഫറോക്ക്, മാറാട്, പരപ്പനങ്ങാടി, തേഞ്ഞിപ്പലം സ്റ്റേഷനുകളില്‍ മോഷണം പിടിച്ചുപറി, ഭവനഭേദനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് കേസ് നിലവിലുണ്ട്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പരപ്പനങ്ങാടിക്കടുത്തുള്ള ഉള്ളണത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. ഫറോക്ക് ക്രൈം സ്ക്വാഡും ഇന്‍സ്പെക്ടര്‍ ടിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസുകാരും നേതൃത്വം നല്കി.
