Kerala

മലയാളത്തിന്റെ വിഖ്യാത ചലച്ചിത്രക്കാരൻ ഷാജി എൻ കരുൺ അന്തരിച്ചു

പ്രശസ്ത സിനിമാ സംവിധായകനും ഛായാ​ഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ ‘പിറവി’ എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ മുതല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്നാണ് വിവരം. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.  ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭ ആയിരുന്നു ഷാജി എൻ കരുൺ.  1952ൽ ആയിരുന്നു അദ്ദേഹത്തിന്‍റെ ജനനം. പള്ളിക്കര സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലഘട്ടം. ശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന അദ്ദേഹം 1975ൽഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. പിന്നീട് കുറച്ചുകാലം മദ്രാസിൽ ചെലവഴിച്ച അദ്ദേഹം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഫിലിം ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ഈ വേളയിൽ ആയിരുന്നു പ്രശസ്ത സംവിധായകനായ ജി അരവിന്ദനോടൊപ്പം ഷാജി എൻ കരുൺ ചേരുന്നത്. തുടർന്ന് കെ ജി ജോർജ്ജ്, എം ടി വാസുദേവൻ നായർ തുടങ്ങിയ പ്രമുഖരുടെ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചു.  40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു.  മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് ഷാജി എൻ കരുൺ. ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവല്ലിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശമടക്കം നേടി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ സംവിധായകനായി. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള മലയാളചിത്രമാണ് പിറവി. സ്വം എന്ന ചിത്രം കാൻ മേളയിലെ പ്രധാന മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ആദ്യ മലയാള ചലച്ചിത്രമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button