Sports

അയ്യർ ഈസ് കിങ്! പഞ്ചാബിന് നാലു വിക്കറ്റ് ജയം, ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്ത്

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് നാലു വിക്കറ്റ് ജയം. ചെന്നൈ കുറിച്ച 191 റൺസ് വിജയലക്ഷ്യം രണ്ടു പന്തുകൾ ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു. ഇതോടെ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ചെന്നൈ. നായകൻ ശ്രേയസ് അയ്യരുടെയും ഓപ്പണർ പ്രഭ്സിംറാൻ സിങ്ങിന്‍റെയും അർധ സെഞ്ച്വറി പ്രകടനമാണ് പഞ്ചാബിന്‍റെ ജയം അനായാസമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 19.2 ഓവറിൽ 190 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 19.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു.ശ്രേയസ് 41 പന്തിൽ നാലു സിക്സും അഞ്ചു ഫോറുമടക്കം 72 റൺസെടുത്തു. പ്രഭ്സിംറാൻ 36 പന്തിൽ 54 റൺസെടുത്തു. മൂന്നു സിക്സും അഞ്ചു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ചെന്നൈക്കായി ഖലിൽ അഹ്മദ്, മതീഷ പതിരന എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജദേജ, നൂർ അഹ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ, സാം കറനിന്‍റെ അർധ സെഞ്ച്വറിയാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 47 പന്തിൽ നാലു സിക്സും ഒമ്പതു ഫോറുമടക്കം 88 റൺസെടുത്താണ് താരം പുറത്തായത്. ഡെവാൾഡ് ബ്രെവിസ് 26 പന്തിൽ 32 റൺസെടുത്തു. ഒരുഘട്ടത്തിൽ 5.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 48 റൺസെന്ന നിലയിലായിരുന്നു ചെന്നൈ. ഒപ്പണർമാർ നിരാശപ്പെടുത്തി. ഷെയ്ഖ് റഷീദ് 12 പന്തിൽ 11 റൺസെടുത്ത് അർഷ്ദീപ് സിങ്ങിന്‍റെ പന്തിൽ ശശാങ്ക് സിങ്ങിന് ക്യാച്ച് നൽകി മടങ്ങി. ആറു പന്തിൽ ഏഴു റൺസായിരുന്നു ആയുഷ് മാത്രെയുടെ സംഭാവന. മാർകോ ജാൻസന്‍റെ പന്തിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. രവീന്ദ്ര ജദേജക്കും തിളങ്ങാനായില്ല. 12 പന്തിൽ 17 റൺസുമായി താരം മടങ്ങി. നാലാം വിക്കറ്റിൽ കറനും ബ്രെവിസും തകർത്തടിച്ചതോടെ ടീം സ്കോർ നൂറു കടന്നു. ഇരുവരും 78 റൺസാണ് കൂട്ടിച്ചേർത്തത്. കറൻ മടങ്ങിയതോടെ ടീമിന്‍റെ സ്കോറിങ്ങും നിലച്ചു. ഒരുഘട്ടത്തിൽ 200നു മുകളിൽ കടക്കുമെന്ന് ഉറപ്പിച്ചിരുന്ന ടീം 190 റൺസിന് ഓൾ ഔട്ട്. ആറു റൺസെടുക്കുന്നതിനിടെയാണ് അവസാന അഞ്ചു വിക്കറ്റുകളും ചെന്നൈ വലിച്ചെറിഞ്ഞത്. യുസ്വേന്ദ്ര ചഹലിന്‍റെ ഹാട്രിക്കാണ് ചെന്നൈയുടെ പിൻനിര ബാറ്റർമാരെ തകർത്തത്. ആറാം വിക്കറ്റായി എം.എസ്. ധോണി പുറത്താകുമ്പോൾ ടീം സ്കോർ 184 റൺസായിരുന്നു. ദീപക് ഹൂഡ (രണ്ടു പന്തിൽ രണ്ട്), അൻഷുൽ കംബോജ് (പൂജ്യം), നൂർ അഹ്മദ് (പൂജ്യം), ശിവം ദുബെ (ആറു പന്തിൽ ആറ്) എന്നിവരാണ് പുറത്തായത്. റണ്ണൊന്നും എടുക്കാതെ ഖലീൽ അഹ്മദ് പുറത്താകാതെ നിന്നു. 19ാം ഓവറിലായിരുന്നു ചഹലിന്‍റെ ഹാട്രിക്. ഹൂഡ, കംബോജ്, നൂർ എന്നിവരെ അവസാന മൂന്നു പന്തുകളിൽ പുറത്താക്കിയാണ് താരം സീസണിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയത്. അർഷ്ദീപ്, മാർകോ ജാൻസൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും അസ്മത്തുല്ല ഉമർസായി, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button