KeralaSports

കെസിഎയുടെ വിലക്ക്: പ്രതികരണവുമായി ശ്രീശാന്ത്, കാരണം അറിയില്ലെന്ന് മുന്‍ താരം

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കികൊണ്ടുള്ള ഉത്തരവ് ഇന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തിറക്കിയിരുന്നു. സഞ്ജു സാംസണ്‍ വിവാദത്തിലെ പ്രസ്താവനയുടെ പേരിലാണ് നടപടി. പ്രസ്താവന സത്യവിരുദ്ധവും അപമാനകരവുമെന്ന് കെസിഎ കുറ്റപ്പെടുത്തി. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ടീം സഹ ഉടമയാണ് ശ്രീശാന്ത്. കൊല്ലം, ആലപ്പി ഫ്രാഞ്ചൈസികള്‍ക്കെതിരെ വിവാദത്തില്‍ നടപടിയില്ലെന്ന് കെസിഎ അറിയിച്ചു. ഇരുവരും നല്‍കിയ മറുപടി തൃപ്തികരമായതിനാലാണ് ഇത്.  ഇക്കാര്യത്തില്‍ ശ്രീശാന്തിന്റെ പ്രതികരണം വന്നിരിക്കുകയാണിപ്പോള്‍. വിലക്കിന്റെ കാരണം അറിയില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള താരത്തെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. കെസിഎ അറിയിപ്പ് കിട്ടിയശേഷം അടുത്ത നടപടി ആലോചിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.  ഏപ്രില്‍ 30ന് എറണാകുളത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ  പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. സഞ്ജു സാംസന്റെ പേരില്‍  അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ്, 24ഃ7 ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരം തേടി അപകീര്‍ത്തി കേസ് നല്‍കാനും തീരുമാനമായി. ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടംപിടിക്കാതിരിക്കാതിരുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷനും പങ്കുണ്ടെന്ന എസ് ശ്രീശാന്തിന്റെ  വിമര്‍ശനത്തിന് പിന്നാലെയാണ് കെസിഎ മുന്‍താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പിന്നാലെ ശ്രീശാന്തിനെതിരെ കടുത്ത വിമര്‍ശനം കെസിഎ ഉന്നയിച്ചിരുന്നു.  വാതുവയ്പ് കേസില്‍ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ല, എന്നിട്ടും രഞ്ജി ട്രോഫിയില്‍ അവസരം നല്‍കി, സഞ്ജുവിന് ശേഷം കേരളത്തില്‍ നിന്ന് ആര് ഇന്ത്യന്‍ ടീമിലെത്തി എന്ന ചോദ്യം അപഹാസ്യമാണ്. കെസിഎയിലെ താരങ്ങളുടെ സംരക്ഷണം ശ്രീശാന്ത് ഏറെടുക്കേണ്ട, കെസിഎക്കെതിരെ ആര് അപകീര്‍ത്തികരമായി പറഞ്ഞാലും മുഖം നോക്കാതെ നടപടിയെന്നും കെസിഎ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button