BusinessInformationSpot light

ഇഎംഐ മുടങ്ങിയോ? അക്കൗണ്ടിൽ പണമില്ലാതെ ലോൺ തിരിച്ചടവ് മുടങ്ങിയാൽ ഉടനെ ചെയ്യേണ്ടതെന്തെല്ലാം

ഭവനവായ്പ, വാഹന വായ്പ, വ്യക്തി​ഗത വായ്പ ഇവ ഏതെങ്കിലും ഒരു ബാധ്യത ഇല്ലാത്ത സാധാരണക്കാരൻ ഉണ്ടാവില്ല, മാസാമാസം ഇഎംഐ അടയ്ക്കാത്തവരും ഇന്നത്തെ കാലത്ത് കുറവാണ്. പലപ്പോഴും പലർക്കും പറ്റുന്ന ഒരു അബദ്ധമാണ് ഇഎംഐ അടയ്ക്കേണ്ട ദിവസം  ബാങ്ക് അക്കൗണ്ടിൽ ആവശ്യമായ ബാലൻസ് നിലനിർത്താൻ മറന്നുപോകുക അല്ലെങ്കിൽ പറ്റാതിരിക്കുക എന്നുള്ളത്. ബാങ്ക് ബാലൻസ് കുറവായതിനാൽ ഇഎംഐ  തുക കുറയ്ക്കാൻ കഴിയുന്നില്ല എന്നുള്ള  ഒരു സന്ദേശം ലഭിക്കുമ്പോഴാണ് പലരും ഈ കാര്യം ​ശ്രദ്ധിക്കുക. ഇങ്ങനെയുള്ള സാഹചര്യത്തിൽ പിന്നീട് പണമടയ്ക്കാൻ പാടുപെടേണ്ടി വരും ഒപ്പം ബാങ്കിന് പിഴ അടയ്ക്കേണ്ടിയും വന്നേക്കാം. ഇതൊന്നുമല്ലാതെ ഈ പിഴവ് ക്രെഡിറ്റ് സ്കോറിനെയും സാരമായി ബാധിച്ചേക്കാം. ഒരു തവണ ഇഎംഐ മുടങ്ങിയാൽ വായ്പ എടുത്തയാൾ എന്തുചെയ്യണം?  ഒരു തവണ ഇഎംഐ നഷ്ടപ്പെടുത്തിയാൽ പിഴ അടയ്ക്കേണ്ടി വന്നേക്കും എന്നാൽ ആദ്യം ശ്രദ്ധിക്കേണ്ടത് ഈ കാര്യം എങ്ങനെ കൈകാര്യം ചെയ്യാമെന്നുള്ളതാണ്. വിദ​ഗ്ദരുടെ അഭിപ്രായത്തിൽ ഇഎംഐ മുടങ്ങിയാൽ വായ്പക്കാരൻ  എങ്ങനെ പ്രതികരിക്കുന്നു എന്നത് വളരെ പ്രധാനമാണ്. അതായത്, ഉടനടി ചെയ്യുന്ന ശരിയായ നടപടികളും സമയബന്ധിതമായ പ്രതികരണവും സാമ്പത്തിക ആഘാതം കുറയ്ക്കാനും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ പുനർനിർമ്മിക്കാനും സഹായിക്കും. വായ്പ തിരിച്ചടവ് മുടങ്ങുന്നത്  ഗുരുതരമായ ഒരു പ്രശ്നമാണെങ്കിലും വായ്പക്കാരൻ പെട്ടന്ന് ആശയ വിനിമയം നടത്തുന്നതും വേഗത്തിലുള്ള തിരിച്ചടവും സാമ്പത്തിക ആഘാതം കുറച്ചേക്കും.  ഇഎംഐ മുടങ്ങിയാൽ എന്തൊക്കെ ചെയ്യണം 1. നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കണം. ഉദാഹരണമായി, പിഴ, കുടിശ്ശിക തുകയ്ക്ക് പലിശ, ക്രെഡിറ്റ് സ്കോറിൽ ഇടിവ് എന്നിവ സംഭവിച്ചേക്കും. ഒരു വ്യക്തി രണ്ട് മാസത്തോളം തിരിച്ചടവ് നടത്തിയില്ലെങ്കിൽ വായ്പ തിരിച്ചെടുക്കാനുള്ള നടപടികൾ ബാങ്ക് ആരംഭിക്കുകയും  നോട്ടീസുകൾ നൽകുകയും ഒപ്പം വായ്പ നൽകുന്നയാൾ മറ്റ് നിയമ നടപടികൾ ആരംഭിക്കുകയും ചെയ്യും 2. വേഗത്തിൽ തുക അടയ്ക്കാൻ ശ്രദ്ധിക്കുക ഇഎംഐ മുടങ്ങിയ സന്ദേശം എത്തിയാൽ അത് ഉടനെ തിരിച്ചടയ്ക്കാൻ ശ്രദ്ധിക്കുക. കാരണം, പല വായ്പാദാതാക്കളും 3–5 ദിവസത്തെ ഗ്രേസ് പിരീഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സമയത്ത് പിഴ ഈടാക്കില്ല. എന്നാൽ കൂടുതൽ വൈകിയാൽ ബാങ്ക് ഈ വിവരം ക്രെഡിറ്റ് റിപ്പോ‍ർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്യും. ഇത് ക്രെഡിറ്റ് സ്കോർ കുറയാനുള്ള ഒരു കാരണമാകും.  3. വായ്പ നൽകുന്നയാളെ വിളിക്കണം  ഇഎംഐ മുടങ്ങിയാൽ റിക്കവറി കോളുകൾക്കായി കാത്തിരിക്കരുത്. നിങ്ങൾ തന്നെ ചുമതല ഏറ്റെടുത്ത് വായ്പാദാതാവുമായി സംസാരിക്കുക.  ശമ്പളം വൈകുന്നത്, ഹോസ്പിറ്റൽ ചെലവുകൾ, മറ്റ് അപ്രതീക്ഷിതമായി വരുന്ന  ചെലവുകൾ തുടങ്ങി പേയ്‌മെന്റ് മുടങ്ങിയതിന്റെ കാരണം വിശദീകരിക്കുക. ഇനി ആദ്യ പിഴവാണ് എന്നുണ്ടെങ്കിൽ പിഴ കുറയ്ക്കരുതെന്ന് അപേക്ഷിക്കാം.  4. ക്രെഡിറ്റ് സ്കോർ സംരക്ഷിക്കുക ഇഎംഐ 30 ദിവസത്തിൽ കൂടുതൽ മുടങ്ങിയാൽ അത് സിബിൽ അല്ലെങ്കിൽ എക്സ്പീരിയൻ പോലുള്ള ക്രെഡിറ്റ് ബ്യൂറോകളിൽ റിപ്പോർട്ട് ചെയ്യപ്പെടും. ഇത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. എന്നാൽ തുടർ തിരിച്ചടവുകൾ കൃത്യമായി നടത്തിയാൽ ഇത് ചില്ലപ്പോൾ പരിഹരിക്കപ്പെട്ടേക്കും. തിരിച്ചടവിൽ ഒന്നിലധികം വീഴ്ചകൾ സംഭവിക്കാൻ അനുവദിക്കരുത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button