NationalSpot light

മലയാള നടിയടക്കം പരീക്ഷിച്ച ‘ത്രിഫ്റ്റിങ്’, വസ്ത്രം കഴുകാതെ ഉപയോഗിച്ച യുവാവിന് സംഭവിച്ചത് ഗുരുതര ചർമ രോഗം

ദില്ലി: ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ അടുത്തിടയായി ട്രന്‍റായ കാര്യമാണ് ത്രിഫ്റ്റിങ്. ഒന്നോ രണ്ടോ തവണ ഉപയോഗിച്ച വസ്ത്രങ്ങളോ ആക്സസറികളോ ഫാഷൻ വസ്തുക്കളോ ഒക്കെ വിറ്റ് കാശുണ്ടാക്കുന്ന രീതിയാണ് ത്രിഫ്റ്റിങ്. ഹോളിവുഡിലും ബോളിവുഡിലുമെല്ലാം വർഷങ്ങളായി ഈ രീതി പ്രചാരത്തിലുണ്ട്. അടുത്തിടെ മലയാള സിനിമ താരം നവ്യ നായരും ത്രിഫ്റ്റിങ് വഴി തന്‍റെ സാരി വിൽപ്പന നടത്തിയതൊക്കെ വൈറലായിരുന്നു. എന്നാൽ ഇത്തരത്തിൽ ത്രിഫ്റ്റിങ് വഴി സ്വന്തമാക്കിയ വസ്ത്രം ധരിച്ച് ഒരു യുവാവിന് എട്ടിന്‍റെ പണി കിട്ടിയിരിക്കുകയാണ്. സെക്കന്റ് ഹാന്റ് വസ്ത്രങ്ങള്‍ വൃത്തിയായി കഴുകാതെ ഉപയോഗിച്ചതാണ് യുവാവിന് വിനയായത്. ഒരു കടയിൽ നിന്നും വാങ്ങിയ പഴയ വസ്ത്രം വൃത്തിയായി കഴുകാതെ തുടര്‍ച്ചായി ധരിച്ചതോടെ ചര്‍മരോഗം വന്നുവെന്നാണ്  യുവാവ് ടിക് ടോക്കിലൂടെ വെളിപ്പെടുത്തിയത്. ത്രിഫ്റ്റിങ് വഴി വാങ്ങിയ വസ്ത്രം ഉപയോഗിച്ചതിന് പിന്നാലെ തന്‍റെ മുഖത്ത് കഠിനമായ ചൊറിച്ചിലുണ്ടാകുകയും വലിയ കുരുക്കള്‍ ഉണ്ടാകുകയും ചെയ്ത് മുഖം വൃകൃതമായെന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്. മൊളസ്‌കം കണ്ടേജിയോസം എന്ന പകര്‍ച്ചവ്യാധിയായ ഒരു വൈറല്‍ ചര്‍മരോഗമാണ് തനിക്ക് സംഭവിച്ചതെന്നും ഇത് ഡോക്ടർമാരുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞതെന്നും യുവാവ് പറയുന്നു. യുവാവിന്‍റെ വെളിപ്പെടുത്തൽ  ഗൗരവമേറിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്ന്  ന്യൂയോര്‍ക്ക് ടൈംസിന്റെ പോസ്റ്റില്‍ പറയുന്നു.  സെക്കന്റ് ഹാന്‍ഡ് വസ്ത്രങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കാന്‍ ചിലർ രാസവസ്തുക്കള്‍ ഉപയോഗിച്ച് സംസ്‌കരിക്കാറുണ്ട്.  ഇത് മനുഷ്യ ചര്‍മത്തില്‍ ഗുരുതരമായ റിയാക്ഷൻസിന് കാരണമായേക്കാമെന്നും കോര്‍ണല്‍ സര്‍വകലാശാലയിലെ സീനിയര്‍ ലക്ചററായ ഫ്രാന്‍സെസ് കോസന്‍ വ്യക്തമാക്കുന്നു. ഉപയോഗിക്കുന്നതിന് മുന്‍പ് എല്ലാ പഴയ വസ്ത്രങ്ങളും നന്നായി കഴുകണമെന്ന് ന്യൂയോര്‍ക്കിലെ ത്വക്ക് രോഗ വിദഗ്ദ്ധയായ ഡോ. ചാള്‍സും വ്യക്തമാക്കി. പുഴുക്കടി പോലെയുള്ള അണുബാധകള്‍ക്കും ഫംഗസ് ബാധകൾക്കും ഇത് കാരണമായേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലും ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ത്രിഫ്റ്റിങ് സജീവമാകുയാണ്. സെക്കന്റ് ഹാന്റ് വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ കുറഞ്ഞ വിലയില്‍ മുൻനിര ബ്രാൻഡുകളുടെ സ്റ്റൈലിഷ് വസ്ത്രങ്ങള്‍ കണ്ടെത്താം എന്നതാണ്  ആകര്‍ഷിക്കുന്ന കാര്യം. ദില്ലിയിലെ സരോജിനി നഗര്‍, ജന്‍പഥിലെ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഇപ്പോള്‍ ത്രിഫ്റ്റിങ് ഷോപ്പുകളുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ഈ വസ്ത്രങ്ങള്‍ പുനരുപയോഗിച്ചില്ലെങ്കില്‍ ത്വക്ക് രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. യുവാവിന്‍റെ വീഡിയോയുടെ  പശ്ചാത്തലത്തിൽ ‘ത്രിഫ്റ്റിങ്’ വീണ്ടും ചർച്ചയാവുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button