വിമാനത്താവളം തകര്‍ത്തെന്ന് വരെ പാക് ‘തള്ളുകള്‍’; അഞ്ച് വ്യാജ പ്രചാരണങ്ങളുടെ ഫാക്ട് ചെക്കുമായി പിഐബി

ദില്ലി: അതിര്‍ത്തിയിലെ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടെ പാകിസ്ഥാന്‍റെ വ്യാജ വാര്‍ത്താ യുദ്ധവും. ഇന്ത്യക്കെതിരെ വ്യാജ ആരോപണങ്ങളും അവകാശവാദങ്ങളുമായി പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ എണ്ണിയാലൊടുങ്ങാത്തത്ര കള്ള പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. ഇന്ത്യയുടെ മിസൈല്‍ വിരുദ്ധ പ്രതിരോധ സംവിധാനമായ എസ്-400 തകര്‍ത്തു എന്നത് മുതല്‍ രാജസ്ഥാനിലെ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ സ്ഫോടനം നടത്തി എന്നതുവരെ നീളുന്നു പാകിസ്ഥാന്‍റെ കുപ്രചാരണങ്ങള്‍. ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം വസ്‌തുതാ പരിശോധന നടത്തി ചുരുളഴിച്ച അഞ്ച് വ്യാജ പ്രചാരണങ്ങള്‍ വായനക്കാര്‍ക്ക് അറിയാം. പ്രചാരണം 1 ഇന്ത്യയുടെ മിസൈല്‍വേധ പ്രതിരോധ സംവിധാനമായ എസ്-400 പാകിസ്ഥാന്‍ തകര്‍ത്തു. വസ്‌തുത ഇന്ത്യയുടെ ഏതെങ്കിലുമൊരു എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം പാകിസ്ഥാന്‍ തകരാറിലാക്കുകയോ കേടുപാട് വരുത്തുകയോ ചെയ്‌തിട്ടില്ല. പ്രചാരണം 2 ഹിമാലയന്‍ മേഖലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് യുദ്ധവിമാനങ്ങള്‍ തകര്‍ന്നു. വസ്‌തുത ഹിമാലയന്‍ മേഖലയില്‍ ഇന്ത്യയുടെ മൂന്ന് ജെറ്റുകള്‍ തകര്‍ന്നുവീണിട്ടില്ല. പാക് അനുകൂല എക്സ് അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്ന ചിത്രം പഴയത്. പ്രചാരണം 3 പാകിസ്ഥാന്‍റെ സൈബര്‍ ആക്രമണം കാരണം രാജ്യത്തെ 70 ശതമാനം പവര്‍ഗ്രിഡ് തകരാറിലായി. വസ്‌തുത എന്നാല്‍ ഇന്ത്യയുടെ ഒരു പവര്‍ഗ്രിനെ പോലും ആക്രമിക്കാനോ തകരാറിലാക്കാനോ പാകിസ്ഥാന്‍ സൈബര്‍ സംഘങ്ങള്‍ക്കായിട്ടില്ല. പ്രചാരണം 4 ഇന്ത്യന്‍ പോസ്റ്റ് പാകിസ്ഥാന്‍ സൈന്യം തകര്‍ത്തു. വസ്‌തുത 2020 നവംബര്‍ 15ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോഴത്തെ ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. പ്രചാരണം 5 രാജസ്ഥാനിലെ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ സ്ഫോടനം നടത്തിയെന്ന് വീഡിയോ. വസ്‌തുത ജയ്‌പൂര്‍ വിമാനത്താവളത്തില്‍ സ്ഫോടനം എന്ന രീതിയിലുള്ള വീഡിയോ പ്രചാരണം വ്യാജം. പ്രാദേശിക ഭരണകൂടം തന്നെ ഇക്കാര്യം നിഷേധിച്ചതാണ്. ഏപ്രില്‍ 22ന് 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് പാക് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ വ്യാപകമായ വ്യാജ പ്രചാരണങ്ങളുണ്ടായത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളുമായി ഇന്ത്യയെ കടന്നാക്രമിച്ചപ്പോള്‍ ഇതിനൊപ്പം അനേകം വ്യാജ വാര്‍ത്തകള്‍ പാക് സോഷ്യല്‍ മീഡിയയില്‍ അവര്‍ പടച്ചുവിട്ടു. ഇന്ത്യയില്‍ കനത്ത നാശം പാക് സൈന്യം വരുത്തി എന്ന തരത്തിലായിരുന്നു ഇവയില്‍ അധികം തെറ്റായ പ്രചാരണങ്ങളും. എന്നാല്‍ ഇവയുടെ വസ്‌തുത ഓരോന്നായി പുറത്തുവിടുകയാണ് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം.
