NationalSpot light

വലുതാകുമ്പോൾ ഞാനും സൈന്യത്തിൽ ചേരും, എണ്ണിയെണ്ണി പകരം ചോദിക്കും’; വീരമൃത്യു വരിച്ച സൈനികന്‍റെ മകൾ വർത്തിക

ജയ്പൂർ: ജമ്മു കശ്മീരിലെ ഉധംപൂരിൽ പാകിസ്താന്‍റെ ഡ്രോൺ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ സുരേന്ദ്രകുമാർ മൊഗെയ്ക്ക് നാട് യാത്രാമൊഴിയേകി. ശത്രുക്കളെ നേരിടുന്നതിനിടെയാണ് തന്‍റെ അച്ഛൻ രാജ്യത്തിനായി വീരമൃത്യു വരിച്ചതെന്നും വലുതാകുമ്പോൾ താനും സൈന്യത്തിൽ ചേരുമെന്നും അച്ഛന്‍റെ മരണത്തിന് താൻ എണ്ണിയെണ്ണി പകരം ചോദിക്കുമെന്നും 11 വയസ്സുകാരിയായ മകൾ വർത്തിക പറഞ്ഞു. വീരമൃത്യു വരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് സുരേന്ദ്രകുമാർ മൊഗെ വർത്തികയുമായി ഫോണിൽ സംസാരിച്ചിരുന്നു. വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റന്‍റായിരുന്നു സുരേന്ദ്രകുമാർ മൊഗെ. പാക് ഷെല്ലാക്രമണം നടക്കുമ്പോൾ ജമ്മു കശ്മീരിലെ ഉധംപൂരിൽ വ്യോമതാവളത്തിലെ മെഡിക്കൽ ഡിസ്പെൻസറിയിലായിരുന്നു അദ്ദേഹത്തിന് ഡ്യൂട്ടി. ശനിയാഴ്ചയുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് 36കാരനായ മൊഗെ വീരമൃത്യു വരിച്ചത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയാണ്. ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബർവ, പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.  മൊഗയുടെ ഭാര്യ സീമയുടെ കണ്ണുനീർ കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി. ഏഴ് വയസ്സുകാരൻ ദക്ഷ് അന്ത്യകർമങ്ങൾ ചെയ്തു. താൻ സൈന്യത്തിൽ ചേരുമെന്നും ശത്രുക്കളോട് പകരം ചോദിക്കുമെന്നും മകൾ വർത്തിക പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് മൊഗെയെ ഉധംപൂരിലേക്ക് വിളിപ്പിച്ചിട്ട് അഞ്ച് ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. മൊഗെ വ്യോമസേനയിൽ 14 വർഷം സേവനം ചെയ്തു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button