Spot light

ആട് മേയ്ക്കലിൽ നിന്ന് സിവിൽ സർവീസിലേക്ക്! ചരിത്രം കുറിച്ച് ബിരുദേവയുടെ റാങ്ക്; അഭിമാനത്തിൽ അമേജ് ​ഗ്രാമം

ദില്ലി: പതിവുപോലെ ആടുകളെയും കാലികളെയും മേയ്ച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു കൂട്ടം ​ഗ്രാമീണർ ബിരുദേവിനെ തേടിയെത്തിയത്. അവരുടെ കയ്യിൽ പൂമാലയും ആരതിയും മുഖം നിറയെ അഭിമാനവും സന്തോഷവുമായിരുന്നു. അമേജ് എന്ന ​ഗ്രാമത്തിലെ ജനങ്ങൾ ഒരു വാർത്തയും കൊണ്ടുവന്നിരുന്നു. 2024ലെ സിവിൽ സർവീസ് പരീക്ഷ അഖിലേന്ത്യാ തലത്തിൽ 551ാം റാങ്ക് നേടിയിരിക്കുകയാണ് ബിരുദേവ്! അങ്ങനെ ഒരു ​ഗ്രാമം മുഴുവൻ ബിരുദേവിന്‍റെയും കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കാളികളായി. പ്രയാഗ്‌രാജിൽ നിന്ന് കിലോമീറ്ററുകൾ അകലെയാണ് ഈ​ ​ഗ്രാമം സ്ഥിതി ചെയ്യുന്നത്. പരമ്പരാഗതമായി ആടുകളെ മേയ്ക്കുന്ന ജോലി ചെയ്യുന്ന കുറുബ സമുദായത്തിൽപെട്ട കുടുംബത്തിലാണ് ബിരുദേവ് സിദ്ധപ്പ ധോണി ജനിച്ചത്. തീർത്തും സാധാരണക്കാരായ കുടുംബം. ഈ കുടുംബത്തിലെ ഏറ്റവും ഇളയ മകനാണ് ബിരുദേവ്. സാമ്പത്തികമായി പിന്നാക്കമായിരുന്നെങ്കിലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ബിരുദേവിന്‍റെ പിതാവ് അതീവ ശ്രദ്ധാലുവായിരുന്നു. ബിരുദേവിന്‍റെ  മൂത്ത സഹോദരൻ സൈനികനായിരുന്നു. സഹോദരനായിരുന്നു ഈ യുവാവിന്‍റെ പ്രചോദനം. രാജ്യത്തെ സേവിക്കാനായിരുന്നു ബിരുദേവിന്‍റെയും ആ​ഗ്രഹം. എന്നാൽ ചില പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് അദ്ദേഹത്തിനത് സാധിച്ചില്ല. പക്ഷേ സാഹചര്യങ്ങൾ പരിമിതമായിരുന്നിട്ടും ബിരുദേവ് ബിടെക് ബിരുദം നേടി. കുറച്ചുകാലം പോസ്റ്റ് ഓഫീസിൽ ജോലി ചെയ്തു. അതേ സമയം സിവിൽ സർവീസ് എന്ന സ്വപ്നം ബിരുദേവിന്‍റെ  മനസിൽ തെളിമയോടെ തന്നെ നിന്നു. അങ്ങനെ സിവിൽ സർവീസ് പരീക്ഷയെഴുതി. പക്ഷേ ആദ്യശ്രമത്തിലും രണ്ടാം ശ്രമത്തിലും പരാജയമായിരുന്നു ഫലം. തോറ്റുപിൻമാറാൻ ബിരുദേവ് തയ്യാറായിരുന്നില്ല. മറിച്ച്, തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അദ്ദേഹം കൂടുതൽ ദൃഢനിശ്ചയത്തോടെ ശ്രമിച്ചു. ദിവസത്തിന്‍റെ മുക്കാല്‍പങ്കും പഠനത്തിനായി മാറ്റിവെച്ചു. അങ്ങനെ 2024ലെ പരീക്ഷയിൽ 551ാം റാങ്കോടെ വിജയിച്ചപ്പോൾ ഈ യുവാവിന്റെ കഠിനാധ്വാനം ഫലം കണ്ടു. അങ്ങനെ തന്റെ സമുദായത്തിൽ നിന്ന് ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യ വ്യക്തിയായി ബിരുദേവ് സിദ്ധപ്പ ധോനി മാറി. ഐപിഎസ് ഓഫീസറായി സേവനമനുഷ്ഠിക്കണമെന്നാണ് ബിരുദേവിന്‍റെ  ആ​ഗ്രഹം.  Read Also: ഇവനെക്കൊണ്ടൊന്നും പറ്റില്ലെന്ന് പറഞ്ഞവരൊക്കെ എവിടെ! 10-ാം ക്ലാസ് പാസായ ആദ്യ വിദ്യാർത്ഥി; ഗ്രാമത്തിന് ഉത്സവം യുപിഎസ്‍സിയെക്കുറിച്ചോ സിവിൽ സർവീസ് പരീക്ഷയെക്കുറിച്ചോ കൂടുതലൊന്നുമറിയില്ലെങ്കിലും തന്റെ മകൻ പരീക്ഷയിൽ മികച്ച വിജയം നേടിയെന്നും പൊലീസ് ഉദ്യോ​ഗസ്ഥനാകുമെന്ന് ആളുകൾ പറയുണ്ടെന്നും അത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്നും ബിരുദേവിന്‍റെ  പിതാവ് സിദ്ധപ്പ പറയുന്നു. “ബിരുദേവ് ഒരു നല്ല ഉദ്യോഗസ്ഥനാകണമെന്നും ഞങ്ങളെപ്പോലുള്ള ദരിദ്രരെ സഹായിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ വിജയം ഞങ്ങളുടെ സമൂഹത്തിലെ മറ്റ് യുവാക്കൾക്കും യുവതികൾക്കും പ്രചോദനമാകും.” നാനവാടിയിൽ താമസിക്കുന്ന ബിരുദേവിന്‍റെ അമ്മാവന്‍ യല്ലപ്പ ​ഗഡ്ഡിയും അഭിമാനത്തോടെ പറയുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button