ലിവർ സിറോസിസ്; ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്

കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിക്കുകയും കരളിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. സിറോസിസിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്. എന്നാൽ മദ്യപിക്കുന്ന എല്ലാവർക്കും സിറോസിസ് വരണമെന്നില്ല. ദീര്‍ഘകാലമായുള്ള അമിത മദ്യപാനം രോഗ സാധ്യത കൂട്ടാം. അതുപോലെ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ ഇൻഫ്ലമേഷനും പിന്നീട് സിറോസിസിനും കാരണമാകാം. ആരംഭഘട്ടത്തിൽ സിറോസിസ് യാതൊരു ലക്ഷണങ്ങളും കാണിക്കുകയില്ല. രോഗം കൂടുന്നതനുസരിച്ചു കാണപ്പെടുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം. വയറിന്റെ മുകളിൽ വലത് ഭാഗത്താണ് കരൾ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ സിറോസിസിന്റെ ലക്ഷണമായി വയറില്‍ വീക്കം, അസ്വസ്ഥത, വേദന എന്നിവ ഉണ്ടാകാം. ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണപ്പെടുന്നതും ചിലപ്പോള്‍ ലിവർ സിറോസിസിന്റെ ലക്ഷണമാകാം. കരൾ പ്രവർത്തനം തകരാറിലാകുന്നത് മൂലം ചർമ്മത്തിൽ തിണർപ്പ്, കഠിനമായ ചൊറിച്ചിൽ എന്നിവ ഉണ്ടാകും. കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ദ്രാവകം കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവർ സിറോസിസിന്റെ ലക്ഷണമാണ്. ലിവർ സിറോസിസിന്റെ സൂചനയായി ഇരുണ്ട മൂത്രവും വിളറിയ മലവും കാണപ്പെടാം. രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്ന പ്രോട്ടീനുകൾ കരൾ ഉത്പാദിപ്പിക്കുന്നു. സിറോസിസ് ഉള്ള വ്യക്തികൾക്ക് ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം. ക്ഷീണം, വിശപ്പില്ലായ്മ, ഭാരം കുറയുക, ഓക്കാനവും ഛർദിയും എന്നീ സൂചനകളും ഇവയ്ക്കൊപ്പം ഉണ്ടാകാം. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
