Crime

പാമ്പുകടിയേറ്റ് 30 തവണ മരിച്ച സ്ത്രീ, മറ്റൊരാൾ 29 തവണ’; ബ്ലാക്ക് മാജിക്കല്ല, 4വർഷം നടന്ന കോടികളുടെ തട്ടിപ്പ്

സിയോണി: മധ്യപ്രദേശിലെ സിയോണി ജില്ലയിൽ, വ്യാജ മരണങ്ങളുടെ പേരിൽ നടന്ന ഞെട്ടിക്കുന്ന നഷ്ടപരിഹാര തട്ടിപ്പ് പുറത്തായി. റുഡ്യാർഡ് കിപ്ലിംഗിന്റെ “ദി ജംഗിൾ ബുക്ക്” എന്ന കൃതിക്ക് പശ്ചാത്തലമായ പ്രദേശത്താണ് തട്ടിപ്പ് നടന്നത്. 2018 നും 2022 നും ഇടയിൽ പാമ്പുകടി, മുങ്ങിമരണം, ഇടിമിന്നൽ ഏൽക്കൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മൂലമുള്ള വ്യാജ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്ത്, ആസൂത്രിതമായ നീക്കങ്ങൾ നടത്തി പൊതുപണം തട്ടിയെടുത്തു എന്നാണ്.  ഒരു വ്യക്തി തന്നെ പാമ്പുകടിയേറ്റ് 30 തവണ മരിച്ചതായും മറ്റൊരു സ്ത്രീ 29 തവണ മരിച്ചതായും രേഖപ്പെടുത്തിയതാണ് ഏറ്റവും ഞെട്ടിക്കുന്ന കണ്ടെത്തലുകളിലൊന്ന്. ഈ വ്യാജ മരണങ്ങൾ കാണിച്ച് സംസ്ഥാന സർക്കാരിൽ നിന്ന് ഏകദേശം 11.26 കോടി രൂപയാണ് നഷ്ടപരിഹാരമായി തട്ടിയെടുത്തത്. വർഷങ്ങളോളം തട്ടിപ്പ് കണ്ടെത്താൻ ആര്‍ക്കും സാധിച്ചില്ലെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സംവിധാനങ്ങളുടെ ഗുരുതരമായ വീഴ്ചകളാണ് പുറത്തുവരുന്നത്. വ്യാജ അവകാശവാദങ്ങൾ എങ്ങനെയാണ് പല തലങ്ങളിലുള്ള പരിശോധനകളെ മറികടന്നതെന്നതാണ് ഉയരുന്ന ചോദ്യം.   11.26 കോടി രൂപയുടെ പാമ്പുകടി തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ജബൽപൂർ ജോയിന്റ് ഡയറക്ടറാണ്. ധനകാര്യ വകുപ്പിൻ്റെ കണ്ടെത്തലുകൾ പ്രകാരം, അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് ജീവനക്കാരനായ സച്ചിൻ ദഹായക്കാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ. ജബൽപൂർ ഡിവിഷനിലെ ധനകാര്യ ജോയിന്റ് ഡയറക്ടർ രോഹിത് കൗശൽ നടത്തിയ അന്വേഷണം, കിയോലാരി താലൂക്ക് ഓഫീസിലെ സാമ്പത്തിക രേഖകൾ പരിശോധിച്ചുകൊണ്ടാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് നടത്തിയ അന്വേഷണങ്ങളിലാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. 11.26 കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. ഈ പണം ദഹായക്കിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പരിചയക്കാർ എന്നിവരുൾപ്പെടെ 47 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തി. യഥാർത്ഥ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുന്നതിന് പകരം, ബന്ധമില്ലാത്ത വ്യക്തികളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് ഇത് വഴിതിരിച്ചുവിടുകയായിരുന്നു എന്നും തട്ടിപ്പ് ആസൂത്രിതമായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. മധ്യപ്രദേശ് സർക്കാർ പ്രകൃതി ദുരന്തം മൂലമുള്ള മരണത്തിന് അനുവദിക്കുന്ന പരമാവധി നഷ്ടപരിഹാര തുകയായ 4 ലക്ഷം രൂപ വരെയാണ് ഓരോ വ്യാജ മരണത്തിനും ക്ലെയിം ചെയ്തിരുന്നത്. അന്വേഷണത്തിനിടെ, ആവശ്യമായ രേഖകളില്ലാതെയാണ് ക്ലെയിമുകൾക്ക് അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button