റീൽസ് ചിത്രീകരണത്തിനിടെ യുവതി 14ാം നിലയിൽനിന്ന് വീണുമരിച്ചു

ബംഗളൂരു: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ലിഫ്റ്റ് ഡക്റ്റില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. ബംഗളൂരു പരപ്പന അഗ്രഹാരക്ക് സമീപം റായസന്ദ്രയിലുണ്ടായ അപകടത്തിൽ ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിനി നന്ദിനിയാണ് (21) മരിച്ചത്. പണി തീരാതെ കിടക്കുന്ന കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്നാണ് യുവതി വീണത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സൗത്ത് ബംഗളൂരുവില്‍ പേയിങ് ഗെസ്റ്റായി താമസിച്ച് വരുകയായിരുന്നു യുവതി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സൂപ്പർ മാർക്കറ്റില്‍ സെയില്‍സ് എക്സിക്യൂട്ടിവായി ജോലി ചെയ്തിരുന്ന നന്ദിനി സുഹൃത്തുക്കളോടൊപ്പം രാത്രി എട്ട് മണിയോടെ നിർമാണം പാതിവഴിയില്‍ നിർത്തിയ അപ്പാർട്ട്മെന്റ് കെട്ടിടത്തിന് അടുത്തെത്തുന്നു. ചില തർക്കങ്ങള്‍ കാരണം പത്ത് വർഷത്തോളമായി നിർമാണ പ്രവർത്തനങ്ങള്‍ നിർത്തിവെച്ച സമുച്ചയമാണിത്. സെക്യൂരിറ്റി ഗാർഡ് ഇല്ലാതിരുന്നതിനാൽ നാല് പേരും പതിനാലാം നിലയിലേക്ക് കയറിച്ചെന്നു. അവിടെ നിന്ന് സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യാൻ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ലിഫ്റ്റ് ഡക്റ്റിനടുത്തുനിന്ന് നന്ദിനി കാല് വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ അപകടം സംഭവിച്ച ഉടനെ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന യുവതിയാണ് പൊലീസിനെ വിളിച്ച് സഹായം തേടിയത്. പൊലീസ് പട്രോളിങ് സംഘം ആദ്യം സ്ഥലത്തെത്തി. പിന്നാലെ പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ അവിടെ നിന്നുള്ള പൊലീസ് സംഘവും എത്തി തുടർ നടപടികൾ സ്വീകരിച്ചു.
