ആ കുടുംബത്തിന്റെ ദുഃഖം എന്റേതും കൂടിയാണ്; കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ച് മന്ത്രി വീണ ജോർജ്, കുടുംബത്തെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു

കോട്ടയം മെഡിക്കൽ കോളജിൽ അപകടം നടന്ന് 16 മണിക്കൂറിനു ശേഷം ദുഃഖം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആ കുടുംബത്തിന്റെ ദുഃഖം എന്റെയും ദുഃഖമാണ് എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. സർക്കാർ ബിന്ദുവിന്റെ കുടുംബത്തിന്റെ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നുമുണ്ട്.ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രിയുടെ ഫോൺ കോൾ എത്തുകയും ചെയ്തു. മരിച്ച ബന്ധുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മന്ത്രിയെത്താത്തതിൽ വലിയ വിമർശനമുയർന്നിരുന്നു. ഒരു മന്ത്രിപോലും വിളിച്ചുപോലും നോക്കിയില്ലെന്ന് ബിന്ദുവിന്റെ ഭർത്താവും പ്രതികരിക്കുകയുണ്ടായി. ഈ വിവാദങ്ങൾക്കിടെയാണ് ആരോഗ്യമന്ത്രി ദുരന്തം നടന്ന് മണിക്കുറുകൾ കഴിഞ്ഞിട്ടാണെങ്കിലും ബിന്ദുവിന്റെ ഭർത്താവിനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കാൻ തയാറായത്. സർക്കാർ ഒപ്പമുണ്ടെന്നും രണ്ടുദിവസത്തിനകം വീട് സന്ദർശിക്കാമെന്നും മന്ത്രി ഉറപ്പുനൽകുകയും ചെയ്തു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രുപം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും. സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷമടക്കം രംഗത്തുവന്നിരുന്നു. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖല വെന്റിലേറ്ററിലായി എന്നാണ് ഉയർന്ന പ്രധാന ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സാപ്രതിസന്ധി സജീവ ചർച്ചയായപ്പോൾ, ആരോഗ്യമേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന വാദം ഉയർത്തി പ്രതിരോധം തീർക്കാൻ ശ്രമിക്കുകയായിരുന്നു സർക്കാർ. എന്നാൽ കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് കൂട്ടിരിപ്പുകാരി മരിച്ചപ്പോൾ ആദ്യഘട്ടത്തിൽ സംഭവം ലഘൂകരിക്കാനാണ് മന്ത്രിമാരായ വീണ ജോർജും വി.എൻ. വാസവനും ശ്രമിച്ചത്. ഇതാണ് കടുത്ത പ്രതിഷേധത്തിലേക്ക് നയിച്ചത്.
