ക്രിക്കറ്റിൽ പുതുചരിത്രം! ട്വന്‍റി20 ലോകകപ്പിന് ഇറ്റലിയും; അസൂറികൾ ഐ.സി.സി ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത് ആദ്യം

റോം: ക്രിക്കറ്റും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ച് അസൂറികൾ! ക്രിക്കറ്റിൽ പുതുചരിത്രമെഴുതി ഇറ്റലി അടുത്ത വർഷം നടക്കുന്ന ട്വന്‍റി20 ലോകകപ്പിന് യോഗ്യത നേടി. ഇറ്റലി ഒരു ഐ.സി.സി ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത് ആദ്യമാണ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് 2026ലെ ലോകകപ്പിന് വേദിയാകുന്നത്. അവസാന യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് ഒമ്പത് വിക്കറ്റിന് തോറ്റിട്ടും മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തിലാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഇറ്റലി യോഗ്യത ഉറപ്പിച്ചത്. യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ ജേഴ്സിക്കെതിരെ സ്കോട്‌ലന്‍ഡ് ഒരു വിക്കറ്റ് തോല്‍വി വഴങ്ങിയതാണ് ടീമിന് തുണയായത്.ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരായി നെതർലൻഡ്സും യോഗ്യത നേടിയിട്ടുണ്ട് -ആറു പോയന്‍റ്. മുൻ ആസ്ട്രേലിയൻ താരം ജോ ബേൺസിന്‍റെ കളി മികവിലാണ് ഇറ്റലി ലോകകപ്പ് കളിക്കാനെത്തുന്നത്. ഓസീസിനായി 23 ടെസ്റ്റുകളും ആറു ഏകദിനങ്ങളും കളിച്ച ജോ, കഴിഞ്ഞ വർഷമാണ് ഇറ്റലി ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നത്.നിലവിൽ 15 ടീമുകളാണ് ടൂർണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കു പുറമെ, ആസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, യു.എസ്, വെസ്റ്റിൻഡീസ്, ന്യൂസിലൻഡ്, പാകിസ്താൻ, അയർലൻഡ്, കാനഡ ടീമുകളും യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ആഫ്രിക്കയിൽനിന്ന് രണ്ടു ടീമുകളും ഏഷ്യയിൽനിന്ന് മൂന്നു ടീമുകളും കൂടി ലോകകപ്പിനെത്തും.
