World

ഇറാഖിലെ കുട്ട് നഗരത്തിലെ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടിത്തം: 60 പേർ മരിച്ചു

കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലെ ഒരു ഹൈപ്പർമാർക്കറ്റിലുണ്ടായ വൻ തീപിടിത്തത്തിൽ കുറഞ്ഞത് 60 പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രവിശ്യ ഗവർണർ മുഹമ്മദ് അൽ-മയാഹിയെ ഉദ്ധരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഇറാഖി ന്യൂസ് ഏജൻസി (ഐഎൻഎ) റിപ്പോർട്ട് ചെയ്തു.അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതിനിടെ, അഞ്ച് നില കെട്ടിടത്തിൽ രാത്രി മുഴുവൻ തീ പടരുന്നത് സോഷ്യൽ മീഡിയയിൽ പങ്കിട്ട വിഡിയോകളിൽ കാണാം. എന്നിരുന്നാലും, ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. അന്വേഷണത്തിൽ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകൾ 48 മണിക്കൂറിനുള്ളിൽ പുറത്തുവിടുമെന്ന് ഗവർണർ പറഞ്ഞതായാണ് റി​പ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെട്ടിടത്തിന്റെയും മാളിന്റെയും ഉടമക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് ഗവർണറെ ഉദ്ധരിച്ച് ഐഎൻഎ റിപ്പോർട്ട് ചെയ്തു.തീപിടിത്തമുണ്ടായപ്പോൾ ഷോപ്പിങ് മാളിനുള്ളിൽ കുടുംബങ്ങൾ ഭക്ഷണം കഴിക്കുകയും ഷോപ്പിങ് നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഗവർണർ പറഞ്ഞു, ബാഗ്ദാദിൽ നിന്ന് 160 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന കുട്ട് നഗരത്തിലെ ആശുപത്രി കിടക്കകൾ നിറയുന്ന തരത്തിൽ പുലർച്ചെ 4:00 മണി വരെ ആംബുലൻസുകൾ അപകടത്തിൽപ്പെട്ടവരെ കൊണ്ടുവന്നുവെന്നും ഗവർണർ പറഞ്ഞു. നിരവധിയാളു​കളെ രക്ഷ​പ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകി ആശുപ​ത്രിയിലെത്തിച്ചതായും അഗ്നിരക്ഷ സേനാംഗങ്ങൾ പറഞ്ഞു.തീ അണച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവരിൽ 59 പേരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭൂരിഭാഗം മൃത​ദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലുമാണ്. ഒരു മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണുള്ളതെന്നും അതുമാത്രമാണ് തിരിച്ചറിയാനുള്ളതെന്നും ആശുപ​ത്രിവൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു, പ്രവിശ്യയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായും വാസ്ജിത് പ്രവിശ്യ ഗവർണർ അലി അൽ മയാഹി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button