കട്ടപ്പനയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു; വീട്ടുകാർ ഓടി രക്ഷപ്പെട്ടു

കട്ടപ്പന: കനത്ത മഴയിൽ മണ്ണിടിഞ്ഞ് മേട്ടുക്കുഴിയിൽ വീട് തകർന്നു. വീട്ടുകാർ ഓടി രക്ഷപ്പെട്ടു. മേട്ടുക്കുഴി കിഴക്കേക്കര ശ്യാം ജോർജിന്റെ വീടാണ് തകർന്നത്. മണ്ണിടിയുന്ന ശബ്ദം കേട്ട് വീട്ടുകാർ വീടിന് പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു. ഉച്ചയോടെയാണ് വീടിന് പിൻവശത്തെ മൺതിട്ട നിലംപൊത്തിയത്. മണ്ണിനോടൊപ്പം അടർന്നു വന്ന ഭീമൻ കല്ല് പതിച്ച് പിൻവശത്തെ മുറിയുടെ ഭിത്തി തകർന്നു. ശ്യാമും കുടുംബാംഗങ്ങളും ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കുന്നതിനിടയാണ് അപകടം. മൺതിട്ട ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഇവർ ഓടി രക്ഷപ്പെട്ടു. മുറിയുടെ ജനാലയും കട്ടിലും മേശയും അടക്കം തകർന്നുവീണു. വൻതോതിൽ മണ്ണും കല്ലും മുറിക്കുള്ളിൽ കൂടിക്കിടക്കുകയാണ്. അയൽക്കാർ ഓടി കുടി രക്ഷാപ്രവർത്തനം നടത്തി. റവന്യൂ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
