
മുംബൈ: റെയിൽവേ സ്റ്റേഷനിൽ ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ 30കാരൻ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു. മുംബൈയിലെ താനെ ദിവ റെയിൽവേ സ്റ്റേഷനിലെ 5, 6 പ്ലാറ്റ്ഫോമിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 39 കാരനായ രാജൻ സിങ് എന്നയാൾ അറസ്റ്റിലായതായി താനെ റെയിൽവേ പൊലീസ് അറിയിച്ചു.ശുചീകരണ തൊഴിലാളികൾ സംഭവത്തിന് ദൃസാക്ഷികളാണ്. യുവാവിന്‍റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ യുവതി ഏറെ ശ്രമിച്ചു. ഈ സമയം എത്തിയ ഗുഡ്സ് ട്രെയിനിന് മുന്നിലേക്ക് യുവതിയെ തള്ളിയിടുകയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. തങ്ങൾ ഇടപെടാൻ ശ്രമിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നുവെന്നും ഇവർ പറഞ്ഞു. ട്രെയിനിന് മുന്നിൽ വീണ സ്ത്രീ തൽക്ഷണം മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.സ്ഥലത്തുനിന്ന് അക്രമി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റെയിൽവേ പൊലീസ് ഇയാളെ പിടികൂടി. യുവതിയെ ഇയാള്‍ക്ക് നേരത്തെ പരിചയമില്ല. യുവതിയെ പിന്തുടർന്ന് ഇയാൾ റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് ബലാത്സംഗത്തിന് മുതിരുകയായിരുന്നു. അക്രമിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
