മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമം; അഞ്ചുപേര്‍ അറസ്റ്റില്‍

കാട്ടൂർ: മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കാട്ടൂർ എടത്തിരുത്തി മുനയം സ്വദേശി കൂർക്കപറമ്പിൽ വീട്ടിൽ വിഷ്ണു (27), കാട്ടൂർ കാരാഞ്ചിറ സ്വദേശി കാവുങ്ങൽ വീട്ടിൽ അക്ഷയ് (25) , കീഴ്പ്പുള്ളിക്കര സ്വദേശി കിഴക്കോട്ട് വീട്ടിൽ കിരൺ (25), കാട്ടൂർ തൊപ്പിത്തറ സ്വദേശി ചമ്പക്കര വീട്ടിൽ ഹരികൃഷ്ണൻ (26), കാട്ടൂർ മുനയം സ്വദേശി നന്തിലത്ത് പറമ്പിൽ വീട്ടിൽ അഭിജിത്ത് (25) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ മകൻ പ്രതികളുടെ സുഹൃത്തുക്കളെ ആക്രമിച്ചതിലുള്ള വൈരാഗ്യത്താൽ 15ന് രാത്രി 10.20ന് രണ്ടു മോട്ടോർ സൈക്കിളിലായി വന്ന പ്രതികൾ വടിവാൾ, കമ്പിവടി എന്നിവയുമായി എത്തി വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുകയും അസഭ്യം പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിക്കാരി റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ വിഷ്ണു, അക്ഷയ്, അഭിജിത്ത് എന്നിവ വിവിധ കേസുകളിൽ പ്രതികളാണ്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജു, കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐ ജി.എസ്. ബാബു, സി.പി.ഒ ഇ.എസ്. ജീവൻ, സി.പി.ഒമാരായ കെ.എസ്. ഉമേഷ്, കൃഷ്ണദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
