
ഭുവനേശ്വർ: ഭുവനേശ്വറിൽ 19 വയസ്സുള്ള എഞ്ചിനീയറിങ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ നാഷണൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പ്രസിഡന്റ് ഉദിത് പ്രധാൻ അറസ്റ്റിൽ. മാർച്ച് 18 നാണ് സംഭവം. ശീതളപാനീയത്തിൽ ലഹരി കലർത്തി ബോധംകെടുത്തിയാണ് ബലാത്സംഗം ചെയ്തത്. പെൺകുട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. മഞ്ചേശ്വറിലെ ഹോട്ടലിൽ വെച്ചാണ് പ്രതി യുവതിയെ ബലാത്സംഗം ചെയ്തത്. അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം എൻ.എസ്.യു.ഐ മേധാവി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. പ്രതിയെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കും. ഭുവനേശ്വറിലെ മാസ്റ്റർ കാന്റീൻ ചൗക്കിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. ഹോട്ടലിൽ എത്തിയപ്പോൾ മദ്യം നൽകിയെങ്കിലും നിരസിച്ചു. തുടർന്ന് ഉദിത് പ്രധാൻ എനിക്ക് ഒരു ഗ്ലാസ് ശീതളപാനീയം തന്നു. അത് കുടിച്ചപ്പോൾ തലകറക്കം അനുഭവപ്പെട്ടുവെന്നും ബോധം നഷ്ടപ്പെട്ടെന്നും പെൺകുട്ടി പറഞ്ഞു. ഉറക്കം എണീറ്റപ്പോൾ ഉദിത് അരികിൽ കിടക്കുന്നത് കണ്ടു. ശരീരമാകെ വേദന അനുഭവപ്പെട്ടു. തനിക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസിലായെന്ന് പെൺകുട്ടി പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
