CrimeNational

ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു

പട്‌ന: ബിഹാറിലെ മുസഫർപൂരിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു. മുഹമ്മദ് ഗുലാബ് എന്നയാളാണ് കൊല്ലപ്പെട്ടത്. ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഗുലാബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബന്ധുക്കളും പ്രദേശവാസികളും തെരുവിലിറങ്ങി. ദേശീയ പാത ഉപരോധിച്ച പ്രതിഷേധക്കാർ രണ്ട് വാഹനങ്ങൾക്ക് തീയിട്ടു.കട പൂട്ടി പുറത്തിരിക്കുകയായിരുന്ന ഗുലാബിനെ അവിടെയെത്തിയ അജ്ഞാതസംഘം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊല്ലുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുലാബ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഗുലാബിന്റെ തലയോട്ടിയിൽനിന്ന് മൂന്ന് ബുള്ളറ്റുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനീത സിൻഹയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കൊല്ലപ്പെട്ട ഗുലാബിന്റെ സഹോദരനായ രാജ് ആരോപിച്ചു. മുഹമ്മദ്, തുഫൈൽ, മുഹമ്മദ് ബാദൽ, മുഹമ്മദ് ആകിൽ, മുഹമ്മദ് ഛോട്ടു എന്നിവരാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത്. അവർ തങ്ങളുടെ കുടുംബവുമായി ദീർഘകാലമായി തർക്കത്തിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഇവർ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും രാജ് പറഞ്ഞു. എന്നാൽ ദൃക്‌സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button