Kerala

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

തിരുവനന്തപുരം: വിവാദ ഫോൺസംഭാഷണം പുറത്തുവന്നതിനെ തുടർന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പാലോട് രവി രാജിവെച്ചതിന് പിന്നാലെ മധുരം വിതരണം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടപടി.പെരിങ്ങമ്മല യൂത്ത് കോൺ​ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംനാദ് പാലോടിനെതിരെയാണ് നടപടി. പാലോട് രവി രാജിവെച്ചതിന് പിന്നാലെ ഷംനാദ് മധുരം വിതരണം ചെയ്തിരുന്നു. തുടർന്നാണ് ഇയാളെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. സംഘടന വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി. കോൺഗ്രസിന്റെ വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലുമായി പാലോട് രവി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നുമായിരുന്നു പാലോട് രവി പറഞ്ഞത്. ”പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് നാമാവശേഷമാകും. മുസ്ലിം ഇതര പാർട്ടികൾ സി.പി.എമ്മിലേക്കും മറ്റ് പാർട്ടികളിലേക്കും പോകും. കോൺഗ്രസിലുള്ളവർ ബി.ജെ.പിയിലേക്കോ മറ്റ് പാർട്ടികളിലേക്കോ പോകും. 60 അസംബ്ലി മണ്ഡലങ്ങളിൽ കാശ് കൊടുത്ത് ബി.ജെ.പി വോട്ട് കരസ്ഥമാക്കും. മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ ഭരണം തുടരുകയും ചെയ്യും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. കോൺഗ്രസിന് നാട്ടിൽ ഇറങ്ങിനടന്ന് ജനങ്ങളോട് സംസാരിക്കാൻ ആളില്ല. എങ്ങനെ കാലുവാരാമെന്നാണ് നേതാക്കൾ ചിന്തിക്കുന്നത്​”-എന്നാണ് പാലോട് രവി പറഞ്ഞത്. പരാമർശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവരികയും ചെയ്തു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കിൽ പരാജയമുണ്ടാകും എന്ന താക്കീതാണ് താൻ നൽകിയതെന്നും കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ അത് പാർട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നൽകാനാണ് ഉദ്ദേശിച്ചതെന്നുമായിരുന്നു വിശദീകരണം. എന്നാൽ ഈ വിശദീകരണം പാർട്ടി അംഗീകരിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button