KeralaPolitcs

ശ്രീനാരായണ ഗുരുവിന്റെ അനുയായി എന്ന നിലയിൽ അറിയപ്പെട്ട വെള്ളാപ്പള്ളി അപരമതദ്വേഷവും വെറുപ്പും മാത്രം വിനിമയം ചെയ്യുന്ന വിഷമനസ്സായി മാറി: സത്താർ പന്തല്ലൂർ

കോഴിക്കോട്: മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും, ജാതിഭേദവും മതദ്വേഷവുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകകൾ സ്വപ്നം കാണുകയും ചെയ്ത വലിയ മനുഷ്യന്റെ അനുയായി എന്ന നിലയിലാണ് കേരളത്തിൽ വെള്ളാപ്പള്ളി നടേശനെന്ന ഈഴവ നേതാവിനെ കേട്ടു തുടങ്ങിയത്. എന്നാൽ, ഇന്ന് അപരമതദ്വേഷവും വെറുപ്പും മാത്രം വിനിമയം ചെയ്യുന്ന വിഷമനസ്സായി അദ്ദേഹം മാറിയെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. ഉത്തരേന്ത്യൻ സംഘ് ശൈലിയിൽ മത ന്യൂനപക്ഷങ്ങളെയും പ്രദേശങ്ങളെയും അദ്ദേഹം കടന്നാക്രമിക്കുന്നു. ഒരുകാലത്ത് മുസ്ലിംകളെയും പിന്നാക്കക്കാരെയും കൂട്ടിപ്പിടിച്ച് സംവരണ സമുദായ മുന്നണിയുണ്ടാക്കിയ നടേശന്റെ പുതിയ നിലപാടുകൾ മടിയിലെ കനം മൂലമുള്ള ഭയത്തിൽ നിന്നാവാമെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.ഹീനമായ പ്രസ്താവനകളുമായി നടേശൻ മുന്നേറുമ്പോൾ തിരുത്തേണ്ടതിനു പകരം അപദാനങ്ങൾ വാഴ്ത്തിപ്പാടാനാണ് ഉത്തരവാദിത്തപ്പെട്ടവർ മുതിരുന്നത്. മന്ത്രിമാരും സാമാജികരും എന്ന ഭേദമതിനില്ല. ഇടതും വലതുമതിലുണ്ട്. വി.എസിനെതിരെ പോസ്റ്റിട്ടതിന് അറസ്റ്റ് ചെയ്ത കേരള പോലീസ് നടേശന്റെ തീവ്ര വർഗീയതക്ക് മുന്നിൽ മാവിലായിക്കാരാണ്. എന്നാൽ ഇവിടെ വ്യത്യസ്തമായി മുഴങ്ങിക്കേട്ട ശബ്ദം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെതായിരുന്നു.പ്രകോപിതനായ നടേശൻ വിഡി സതീശനെതിരെ നടത്തിയ അസഭ്യവാക്കുകൾ ഞെട്ടലുളവാക്കുന്നതാണ്. നടേശന്റെ വർഗീയതക്കെതിരെ പറയാൻ ആളില്ലെന്നതു പോലെ, സതീശനെ പ്രതിരോധിക്കാനും ഒരു കോൺഗ്രസ് നേതാവിനെയും ഈ വഴി കണ്ടില്ല. വർഗീയ രാഷ്ട്രീയത്തിന് മുന്നിൽ ബധിരത പൂണ്ടവർ ഇടതായാലും വലതായാലും കസേരമോഹങ്ങളുമായി ഈ വഴി വരരുതെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു. വി.ഡി സതീശന്റേത് ഒറ്റപ്പെട്ട ശബ്ദമല്ല, മതേതര കേരളം അദ്ദേഹത്തിന്റെ കൂടെയുണ്ടെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button