കോഴഞ്ചേരി പുഞ്ചയില്‍ മീന്‍ പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു; ഒരാൾക്കായി തിരച്ചിൽ

കോഴഞ്ചേരി: പുഞ്ചയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. പുല്ലാട് കോയിപ്രം ഗവ. സ്കൂളിനു സമീപമുള്ള തൃക്കണ്ണാപുരം പുഞ്ചയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാക്കളാണ് ഞായറാഴ്ച വൈകീട്ട് ആറോടെ അപകടത്തില്‍പെട്ടത്. കിടങ്ങന്നൂര്‍ മണപ്പള്ളി ചാങ്ങച്ചേത്ത് മുകളില്‍ രാഹുല്‍ സി. നാരായണ്‍ (28), കോയിപ്രം നെല്ലിക്കല്‍ മാരൂര്പറമ്പില് മിഥുന് (30) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നെല്ലിക്കൽ മാരിപ്പറമ്പിൽ ദേവനെ (35) കാണാതായി. രാത്രി വൈകിയും പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പുഞ്ചയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ദേവനെ കണ്ടെത്തിയില്ല. മൂന്നംഗസംഘം വൈകുന്നേരമാണ് വള്ളത്തില്‍ പുറപ്പെട്ടത്. ശക്തമായ മഴ ഉള്ളതിനാല്‍ പുഞ്ചയില്‍ വെള്ളം നിറഞ്ഞിരുന്നു. ശക്തമായ നീരൊഴുക്കുമുണ്ട്. വള്ളം മറിഞ്ഞതോടെ ഇവര്‍ മുങ്ങിത്താഴുകയായിരുന്നു. കരക്കു നിന്നവര്‍ ബഹളം കൂട്ടുകയും രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വള്ളത്തില്‍ നിന്നുവീണ മിഥുന് മറ്റു രണ്ടുപേരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈ കുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നു. കോയിപ്രം പള്ളിയോടത്തിലെ സ്ഥിരംസാന്നിധ്യമായ മിഥുന് നീന്തലും വശമുണ്ടായിരുന്നു. പ്രദേശവാസികള്‍ നീന്തിയെത്തി രണ്ടുപേരെ പുറത്തെടുത്ത് മാലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോഴഞ്ചേരി ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് നടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട്. പരേതനായ നാരായണന്റെയും ലീലയുടെ മകനാണ് രാഹുല്‍ സി. നാരായണ്‍. സഹോദരിമാര്‍: രാധിക, രമ്യ. മാരൂര്പറമ്പില് മണിയുടെ മകനാണ് മിഥുന്. കാണാതായ ദേവന് മിഥുന്റെ ബന്ധുവാണ്.
