
കൊല്ലം: ഏരൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. നിരപ്പിൽ സ്വദേശി റെജി, പ്രശോഭ എന്നിവരാണ് മരിച്ചത്. കോടാലി കൊണ്ട് തലയ്ക്കടിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം റെജി തൂങ്ങി മരിക്കുകയായിരുന്നു. മദ്യപിച്ച് സ്ഥിരം പ്രശ്നം ഉണ്ടാക്കുന്ന ആളാണ് റെജിയെന്നും കഴിഞ്ഞ ദിവസം രാത്രിയും വീട്ടിൽ വഴക്ക് നടന്നുവെന്നും അയൽക്കാർ പറയുന്നു.
ദമ്പതികളുടെ രണ്ടു മക്കളും വിവാഹിതരാണ്. വീട്ടിൽ റെജിയും ഭാര്യയും മാത്രമായിരുന്നു താമസം. അമ്മയെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ മകൾ വീട്ടിലെത്തി. ഈ സമയം വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. സമീപവാസികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
റെജിയുടെ തൂങ്ങിമരിച്ച നിലയിലും പ്രശോഭയുടേത് തറയിൽ രക്തം വാർന്ന നിലയിലും ആയിരുന്നു. ടാപ്പിംഗ് തൊഴിലാളിയാണ് റെജി. ഏരൂർ പൊലീസ് ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
