വീണ്ടും ദുരഭിമാനക്കൊല: പൊലീസ് ദമ്പതികളുടെ മകളുമായി പ്രണയം; ഐടി ജീവനക്കാരനായ ദലിത് യുവാവിനെ വെട്ടിക്കൊന്നു

തിരുനെൽവേലി: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല.ഐടി ജീവനക്കാരനായ ദലിത് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ പൊലീസ് ദമ്പതികളുടെ മകന് അറസ്റ്റിലായി. തൂത്തുക്കുടി ജില്ലയിലെ അറുമുഖമംഗലം സ്വദേശിയായ കവിൻ സെൽവ ഗണേഷ് (27) ആണ് കൊല്ലപ്പെട്ടത്. പൊലീസ് സബ് ഇൻസ്പെക്ടർമാരായ ശരവണന്, കൃഷ്ണകുമാരി, മകൻ എസ് സുർജിത്ത് (21) എന്നിവരാണ് കേസിലെ പ്രതികള്‍.ഇതരജാതിയില്‍പ്പെട്ട പൊലീസ് ദമ്പതികളുടെ മകളെ പ്രണയിച്ചതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാവും പൊലീസ് ദമ്പതികളുടെ മകളും സഹപാഠികളായിരുന്നു. കവിൻ ചെന്നൈയിലെ പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. യുവതി കെടിസി നഗറിലെ സിദ്ധ ക്ലിനിക്കിൽ കൺസൾട്ടന്റായി ജോലി ചെയ്യുകയാണ്. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.ഇരുവരും തമ്മില്‍ വിവാഹിതരായേക്കുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കവിനുമായി സംസാരിക്കുന്നതിനെ യുവതിയുടെ മാതാപിതാക്കളും സഹോദരനും എതിർത്തിരുന്നു. കവിനും അനിയനും ഇതുമായി ബന്ധപ്പെട്ട് താക്കീത് നല്‍കിയിരുന്നു. ഞായറാഴ്ച കവിൻ കെടിസി നഗറിൽ തന്റെ മുത്തച്ഛനുമൊത്ത് ഡോക്ടറുടെ അടുത്ത് എത്തിയപ്പോള്‍ പ്രതിയായ സുര്‍ജിത്ത് എത്തുകയും മാതാപിതാക്കളുമായി സംസാരിക്കാനായി കൂടെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ കവിന് സുര്‍ജിത്തിന്റെ ഇരുചക്രവാഹനത്തില്‍ അസ്തലക്ഷ്മി നഗറിലേക്ക് പോയി. ഇതിനിടെ വടിവാളുകൊണ്ട് സുര്‍ജിത്ത് കവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സുര്‍ജിത്ത് കവി പിന്തുടര്ന്ന് കൊലപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. വഴിയാത്രക്കാരാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി സുര്‍ജിത്തിനെ പിടികൂടുകയായിരുന്നു. കവിന് സഹോദരിയെ പിന്തുടര്ന്ന് ശല്യം ചെയ്തെന്നും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഉപദ്രവിക്കുന്നത് തുടര്‍ന്നതിനാല്‍ കൊലപാതകം ചെയ്തെന്നാണ് സുര്‍ജിത്ത് മൊഴി നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.അതേസമയം, കവിന്റേത് ദുരഭിമാനക്കൊലയാണെന്ന് ആരോപിച്ച് കുടുംബം മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചു. പ്രതികള്‍ പൊലീസുകാരായതിനാല്‍ കേസ് അട്ടിമറിക്കുമെന്ന് സംശയമുണ്ടെന്നും കവിന്റെ കുടുംബം ആരോപിച്ചു.
