KeralaSpot light

കേരളം നമ്പർ1 എങ്കിൽ മരണത്തിന്റെ കാര്യത്തിൽ നമ്പർ 1 ആകരുത്; മനുഷ്യനെ കൊല്ലാത്ത റോഡ് വേണം, ’: റോഡുകളിലെ കുഴിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എറണാകുളം : സംസ്ഥാനത്തെ റോഡുകളുടെ തകർച്ചയിലും വർദ്ധിച്ചുവരുന്ന അപകടങ്ങളിലും കേരളാ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.റോഡുകളുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം.
“എഞ്ചിനീയർമാർ എന്താണ് ചെയ്യുന്നത്. റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചാൽ അതിപ്പോൾ വാർത്തയല്ല”. ഇനിയും ഇത്തരം അപകടങ്ങളുണ്ടായാൽ എൻജിനീയർമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി.റോഡ് തകർന്ന് കിടക്കുന്ന സ്ഥലത്ത് അപായ ബോർഡുപോലുമില്ല. അതിനുപോലും എഞ്ചിനീയർമാർ തയ്യാറാകുന്നില്ല. കൃത്യമായ പരിശോധനങ്ങൾ നടക്കുന്നില്ല. കലൂർ കടവന്ത്ര, എം ജി റോഡ്, കലൂർ റോഡ് ഇവിടങ്ങളിൽ എല്ലാം റോഡ് പൊളിഞ്ഞു കിടക്കുന്നു.
റോഡിലെ കുഴികൾ കാണാൻ എഞ്ചിനീയർമാർക്ക് പറ്റില്ലെങ്കിൽ അവർ വേണ്ട. കേരളം നമ്പർ 1 എങ്കിൽ – മരണത്തിന്റെ കാര്യത്തിൽ നമ്പർ 1 ആകരുതെന്നും ഹൈക്കോടതി വിമർശിച്ചു. രാജ്യാന്തര നിലവാരമുള്ള റോഡ് വേണമെന്ന് പറയുന്നില്ല. മനുഷ്യനെ കൊല്ലാത്ത റോഡ് വേണം. അത് മാത്രമാണ് സാധാരണക്കാരുടെ ആവശ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. ഭരണ നിർവ്വഹണത്തിലെ വീഴ്ചയാണ് കോടതി ചൂണ്ടികാട്ടിയത്. എഞ്ചിനീയമാർ റോഡുകൾ പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട്‌ നൽകണം. ഓരോരുത്തരുടെയും കീഴിലുള്ള റോഡുകളിൽ എത്ര കുഴികൾ ഉണ്ടെന്ന് റിപ്പോർട്ടിൽ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിലും ഹൈക്കോടതി വിമർശിച്ചു. കോടതിയുടെ ഉത്തരവുകൾ സ്വകാര്യ ബസുടമകൾ പാലിക്കപ്പെടുന്നില്ല.അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് എത്രപേരുടെ ജീവൻ എടുക്കുന്നു. അപകടങ്ങൾ തുടർകഥയാവുന്നുവെന്നും കോടതി വിമർശിച്ചു. സംസ്ഥാനത്ത് എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ. ബസുകളുടെ അമിത സ്പീഡ് റിപ്പോർട്ട്‌ ചെയ്യാൻ ടോൾ ഫ്രീ നമ്പർ സ്ഥാപിക്കാൻ ആവശ്യപ്പെട്ടു. അത് നടന്നില്ല. രാജ്യത്തിന് മുതൽക്കൂട്ടാവേണ്ട എത്ര യുവക്കളാണ് നിരത്തിൽ പൊലിഞ്ഞത് എന്നും ഹൈക്കോടതി ചോദിച്ചു.
കൊച്ചിക്ക് വേണ്ടി ഗതാഗത വകുപ്പ് നിർദ്ദേശിക്കുന്ന എല്ലാ സുരക്ഷാ സംരംഭങ്ങളും ആവശ്യമായ ഭേദഗതികളോടെ സംസ്ഥാനത്തുടനീളം “സൂക്ഷ്മമായി” നടപ്പിലാക്കണമെന്ന് ഉത്തരവിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button