സീറോ മലബാർ സഭയുടെ ആസ്ഥാനം ബി.ജെ.പിക്ക് വാർത്താസമ്മേളനം നടത്താൻ തുറന്നു കൊടുത്തതിന് പിന്നിൽ ദുരൂഹത -കാത്തലിക്ക് ഫോറം

പാലക്കാട്: സീറോ മലബാർ സഭയുടെ ആസ്ഥാനം ബി.ജെ.പിക്ക് വാർത്താസമ്മേളനാം നടത്താൻ തുറന്നുകൊടുത്ത സഭാ നിലപാടിനു പിന്നിൽ ദുരൂഹതയെന്ന് കാത്തലിക്ക് ഫോറം സംസ്ഥാന പ്രസിഡന്‍റ് ബിനു പഴയചിറ. ഛത്തിഡ്‌ഗഢിൽ കള്ളക്കേസിൽ കടുക്കി അറസ്റ്റ് ചെയ്‌ത സന്യാസിനിമാരെ ജാമ്യത്തിൽ വിടാൻ സഹായിക്കുമെന്ന നിലപാടിനു പിന്നിൽ ബി.ജെ.പിയും സഭാ നേതൃത്വയുമായുള്ള സെറ്റിൽമെന്റ് ആണുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ദേശീയ അന്വേഷണ ഏജൻസികളുടെ ഇരയായി നിസ്ഥാർഥ സേവനം ചെയ്യുന്ന പുരോഹിതരും സന്യസ്‌തരും വേട്ടയാടപ്പെടുമ്പോൾ രാജ്യദ്രോഹ പ്രവർത്തകരെ സംരക്ഷിക്കുവാൻ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും ബി.ജെ.പിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന കരാർ ദുരൂഹമാണ്. എറണാകുളം കേന്ദ്രീകരിച്ച് സീറോ മലബാർ സഭയിലെ ചില പുരോഹിതരുടെ നേതൃത്വത്തിൽ മാവോയിസ്റ്റ് നക്‌സൽ തീവ്രവാദ ശക്തികളുമായുളള ബന്ധം, കേരളത്തിൽ നടന്നിട്ടുള്ള വിവിധ സമരപരിപാടികളിലൂടെ വ്യക്തമാക്കപ്പെട്ടതായി സർക്കാർ രേഖകളിലുണ്ട്. ചത്തിസ്‌ഗഢിലെ സന്യാസിനികളുടെ അറസ്റ്റ് ബി.ജെ.പിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി എന്നുള്ള തിരിച്ചറിവിൽ, ക്രൈസ്‌തവ സമൂഹവും പൊതുസമൂഹവും പൊതുവിടത്തിൽ സമരങ്ങൾ ശക്തമാക്കിയപ്പോൾ കേന്ദ്രമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം, ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കത്തോലിക്ക പുരോഹിതരുടെ ഇടയിലെ മാവോയിസ്റ്റ് സാന്നിധ്യത്തെ സംബന്ധിച്ചുള്ള അന്വേഷണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണോ സഭയുടെ ആസ്ഥാനത്തു തന്നെ വാർത്താസമ്മേളനം നടത്താൻ അവസരം ഒരുക്കിയതെന്ന് മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കണമെന്നും ബിനു പഴയചിറ ആവശ്യപ്പെട്ടു.
