ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്നും പിന്നീട് എന്ത് സംഭവിച്ചു എന്നും അറിയില്ല എന്ന് ഹോട്ടല്‍ ഉടമ സന്തോഷ്..


കൊച്ചി: ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കലാഭവന്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടല്‍ ഉടമ സന്തോഷ് പറയുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മൃതദേഹം രാത്രി എറണാകുളം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
ഷൂട്ടിങ് സംഘം മൂന്നു മുറികളാണ് ഇവിടെ എടുത്തിരുന്നത്. മറ്റു രണ്ടു മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. 209-ാം നമ്പര്‍ മുറിയിലാണ് നവാസ് താമസിച്ചിരുന്നത്. അദ്ദേഹം ചെക്ക് ഔട്ട് ചെയ്യാന്‍ വൈകിയപ്പോള്‍ സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചിരുന്നു. അപ്പോള്‍ മുറിയില്‍ ചെന്ന് അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് റൂം ബോയ് പോയി ബെല്ല് അടിച്ചെങ്കിലും മുറി തുറന്നില്ല. ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല.
വാതില്‍ തുറന്നു നോക്കിയപ്പോള്‍ നവാസ് തറയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ച് കാര്യമറിയിച്ചു. ഇവിടെ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. കൈകളൊക്കെ അനങ്ങുന്നുണ്ടായിരുന്നു. സിനിമാ പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയതെന്നും ഹോട്ടലുടമ പറഞ്ഞു.
ഇന്നലെ രാത്രിയാണ് നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിനെ (51) ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഹൃദയാഘാതമെന്നാണു പ്രാഥമിക നിഗമനം. സിനിമ ഷൂട്ടിങ്ങിനായി 25 മുതല്‍ നവാസും സംഘവും ചോറ്റാനിക്കരയിലെ ലോഡ്ജിലായിരുന്നു താമസം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നവാസിന്, രണ്ടു ദിവസത്തെ ഇടവേളയായിരുന്നു. ഇതിനിടയില്‍ വീട്ടില്‍ പോയി വരാമെന്ന് സഹപ്രവര്‍ത്തകരോടു പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്കു പോയതാണ് നവാസ്.
മിമിക്രി വേദികളിലൂടെ ശ്രദ്ധേയനായ കലാഭവന്‍ നവാസ് 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണു സിനിമാ രംഗത്തേക്കു ചുവടുവയ്ക്കുന്നത്. മിമിക്‌സ് ആക്ഷന്‍ 500, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ‘ഡിറ്റക്ടീവ് ഉജ്വലനാണ്’ അവസാന ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ ‘ഇഴ’ എന്ന ചിത്രത്തില്‍ നവാസും ഭാര്യ രഹ്നയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു.