Crime

പന്തളത്ത് തട്ടുകട ഉടമയെ​ മർദിച്ച സംഭവം; പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

പന്തളം : പന്തളത്ത് തട്ടുകട അക്രമിച്ച് കട ഉടമയെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്നുപേരെ കൂടി കൊടുമണ്ണിലെ ഒളി സങ്കേതത്തിൽ നിന്നും പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മൂന്നുപേരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. മെഴുവേലി, ഇലവുംതിട്ട, കോട്ടുപാറ തടത്തിൽ വീട്ടിൽ അക്കു എന്ന് വിളിക്കുന്ന അഭിജിത്ത് എസ്.കെ (19), കുളനട ,ഉള്ളന്നൂർ, ശ്രീനി ഭവൻ വീട്ടിൽ വിനോദ് (20) ,കുളനട, ഉള്ളന്നൂർ ,വട്ടേൽ സ്വദേശിയായ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നു പേരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടാളികളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മൂന്നംഗ സംഘം കൊടുമണ്ണിൽ ഒളിവിലായിരുന്നു. പൊലീസ് ഒളി സങ്കേതത്തിൽ എത്തിയപ്പോൾ ഓട്ടോറിക്ഷയിൽ രക്ഷപെടാൻ ശ്രമിച്ച മൂന്നു പേരെയും പിന്തുടർന്ന് പിടികൂടുകയായിരുന്നു. എം.സി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറക്ക് സമീപം തൃപ്തി തട്ടുകടയിൽ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. സംഘം ചേർന്ന് ഭക്ഷണം കഴിക്കാൻ എത്തിയ ഇവർ പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അക്രമത്തിൽ കട ഉടമ പന്തളം മങ്ങാരം പാലത്തടത്തിൽ ശ്രീകാന്ത് (37) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. അക്രമിസംഘം തട്ടുകട പൂർണമായും തകർത്തിരുന്നു. പന്തളം എസ്.എച്ച്.ഒ റ്റി.ഡി പ്രജീഷ്, സബ് ഇൻസ്പെക്ടർ അനീഷ് ഏബ്രഹാം, പൊലീസ് ഉദ്യോഗസ്ഥരായ എസ്. അൻവർഷ, അൻസാജു, അമൽ ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സംഘം ചേർന്നുള്ള തട്ടുകട അക്രമത്തിൽ 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button