
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് വരുത്താന്‍ സിപിഎമ്മില്‍ ആലോചന. തുടർ ഭരണം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ രണ്ട് ടേം വ്യവസ്ഥ കർശനമാക്കിയാല്‍ ചില സിറ്റിംങ് സീറ്റുകളില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തല്‍. ടേം വ്യവസ്ഥയില്‍ ഇളവ് വരുന്നതോടെ പിണറായി വിജയന്‍, കെകെ ശൈലജ അടക്കമുള്ള നേതാക്കള്‍ വീണ്ടും മത്സര രംഗത്തേക്കിറങ്ങും. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കർശനമായി സിപിഎം നടപ്പാക്കിയതാണ് രണ്ട് ടേം വ്യവസ്ഥ. തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ മാറ്റി പൂതുമുഖങ്ങളെ കൊണ്ട് വരിക എന്ന തീരുമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ചുക്കാന്‍ പിടിച്ചത്. മന്ത്രിസഭയിലും പാർട്ടി ആ മാറ്റം കൊണ്ട് വന്നു. മുഖ്യമന്ത്രി ഒഴികെ പഴയ മന്ത്രിസഭയിലെ ഒരാളെയും രണ്ടാം സർക്കാരിന്‍റെ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തിയില്ല. എന്നാല്‍ അടുത്ത വർഷം നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പഴയ കാർക്കശ്യം സിപിഎം വിടുന്നുവെന്നാണ് സൂചന. രണ്ട് ടേം പൂർത്തിയാക്കിയ 23 എംഎല്‍എമാർ നിയമസഭയില്‍ ഉണ്ടെങ്കിലും അതില്‍ കുറെ പേർക്ക് ഇളവ് നല്‍കാനാണ് ആലോചന. അധികാരത്തില്‍ വരാനുള്ള 71 എന്ന മാജിക് നമ്പർ കടക്കാന്‍ ചില വിട്ടുവീഴ്ചകൾ വേണമെന്ന ബോധ്യം പാർട്ടിക്ക് ഉണ്ടായിട്ടുണ്ട്.രണ്ട് ടേും പൂർത്തിയാക്കിയ എം.രാജഗോപാല്‍ കാസർക്കോട് ജില്ലാ സെക്രട്ടറിയാണെങ്കിലും തൃക്കരിപ്പൂർ മത്സരിച്ചേക്കും. കണ്ണൂരില്‍ നിന്ന് പിണറായി വിജയനും, കെ.കെ ശൈലജയും, എ.എന്‍ ഷംസീറും മത്സരിക്കാനാണ് സാധ്യത. എല്‍ഡിഎഫ് കണ്‍വീനറായത് കൊണ്ട് ടി.പി രാമകൃഷ്ണന്‍ മത്സരിക്കുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റാണ് അന്തിമ തീരുമാനമെടുക്കുന്നത്. മന്ത്രി ഒ.ആർ കേളു വീണ്ടും മത്സരിച്ചേക്കും. പാലക്കാട്ടെ എട്ട് സിറ്റിംങ് സീറ്റില്‍ ചിലയിടങ്ങളില്‍ പുതിയ സ്ഥാനാർത്ഥികള്‍ വരും. എറണാകുളത്ത് സിറ്റിംങ് എംഎല്‍എമാരെ മാറ്റില്ല. ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന എം.എം മണി മത്സരിക്കുന്ന കാര്യത്തില്‍ സംശയമുണ്ട്. ആലപ്പുഴ ജില്ലയില്‍ നിന്ന് യു.പ്രതിഭയും, സജി ചെറിയാനും മത്സരിക്കാനാണ് സാധ്യത. പത്തനംതിട്ടയില്‍ നിന്ന് വീണ ജോർജ്ജിന് ഇളവുണ്ടാകും. കൊല്ലത്ത് മുകേഷിന്‍റെ സാധ്യത മങ്ങിയിട്ടുണ്ട്. എന്നാല്‍ ഇരവിപുരത്ത് എം. നൗഷാദ് തന്നെ മത്സരിച്ചേക്കും.തിരുവനന്തപുരത്ത് ആറ് പേർ രണ്ട് ടേം പൂർത്തിയാക്കിയവരാണ്. സംഘപരിവാറുമായി നേരിട്ട് പോരാട്ടം നടക്കുന്ന നേമത്ത് ആരോഗ്യപ്രശ്നങ്ങള്‍ കണക്കാക്കാതെ വി.ശിവന്‍കുട്ടി തന്നെ രംഗത്തിറങ്ങാനാണ് സാധ്യത. പാറശാലയില്‍ സി.കെ ഹരീന്ദ്രനും, കാട്ടാക്കടയില്‍ ഐബി സതീശും, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും, വർക്കലയില്‍ വി.ജോയിയും മത്സരിക്കമെന്നാണ് വിവരം.
