കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് 5 വർഷം, ജീവിതം തിരിച്ചുപിടിക്കാൻ ആകാതെ ഇരകൾ

കരിപ്പൂർ വിമാനത്താവളത്തിലെ ആദ്യ വിമാന അപകടത്തിന് അഞ്ചാണ്ട്. 2020 ഓഗസ്റ്റ് 7 ആയിരുന്നു നാടിനെ നടുക്കിയ വിമാന ദുരന്തം. കോവിഡ് കാലത്ത് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു റൺവേയിൽ കിഴക്കുഭാഗത്ത് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വിമാനം മൂന്നായി പിളർന്നു.
രണ്ടു പൈലറ്റുമാർ ഉൾപ്പെടെ 21 പേർ ദുരന്തത്തിൽ മരിക്കുകയും 168 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ 65 പേർ പൂർണ ആരോഗ്യസ്ഥിതി ഇനിയും വീണ്ടെടുത്തിട്ടില്ല. തുടർ ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ട അവസ്ഥയിലാണ് ഇവരിൽ പലരും. വീൽചെയറിലാണ് ഇവരുടെ ലോകം. ആരോഗ്യപ്രശ്നങ്ങൾ മൂലം ഒരു ജോലിക്കും പോകാൻ കഴിയാത്തവരും ജീവിതമാർഗം അടഞ്ഞവരും ഉണ്ട്. ഇൻഷുറൻസ് തുക ലഭിച്ചതോടെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇവരെ കയ്യൊഴിഞ്ഞു.
വിമാന അപകട ശേഷം കേന്ദ്രവും കേരളവും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ചികിത്സയും ഇൻഷുറൻസ് കിട്ടിയതോടെ അവസാനിച്ചു.
