ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില വർധിക്കുന്നു, ജീവിത നിലവാരം താഴോട്ട്

കോഴിക്കോട്: കേരളത്തിൽ വിലക്കയറ്റം തുടരുകയാണ്. ഇത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില വർധനവാണ് പ്രധാനമായും വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ഇത് പ്രധാനമായും വിളനാശവും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കാരണമാണ്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയും കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്ന നികുതികളും കാരണം ഇന്ധനവില ഉയർന്നു നിൽക്കുന്നു. ഇന്ധനവില വർധിക്കുന്നത് ചരക്ക് നീക്കാനുള്ള ചെലവ് കൂട്ടുകയും ഇത് മറ്റ് ഉൽപ്പന്നങ്ങളുടെ വിലയെയും ബാധിക്കുകയും ചെയ്യുന്നു. റോഡുകളുടെ ശോച്യാവസ്ഥ, ഗതാഗതക്കുരുക്ക് എന്നിവ കാരണം ചരക്കുനീക്കം സുഗമമല്ലാത്തതും വിലവർധനവിന് കാരണമാകുന്നു. രാജ്യത്ത് വിലക്കയറ്റത്തിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളം ഒന്നാമതാണ്. അരി, പച്ചക്കറി അടക്കമുള്ള ഭക്ഷ്യോൽപന്നങ്ങള്‍ക്കുള്ള ഉയര്‍ന്ന വിലയാണ് കേരളത്തെ വിലക്കയറ്റത്തില്‍ നമ്പര്‍ വണ്ണാക്കി നിര്‍ത്തുന്നത്. സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാകാന്‍ വിലക്കയറ്റം കാരണമാകുന്നു. സംസ്ഥാനത്തിന് ആവശ്യമുള്ള ഭക്ഷ്യോൽപന്നങ്ങള് ഏറെയും അതിര്‍ത്തി കടന്നാണ് വരുന്നത്. വാഹന വാടക, ഇന്ധനവില, കയറ്റിറക്ക് കൂലി എല്ലാം കേരളത്തില്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്. സ്വാഭാവികമായും ഭക്ഷ്യോൽപന്ന വിലയിലും ഇത് പ്രതിഫലിക്കും. അയല്‍ സംസ്ഥാനങ്ങളേക്കാള്‍ എണ്ണവില കൂടുതലാണെന്നത് ചരക്കുകൂലി വര്‍ധിക്കുന്നതിനും ഇടയാക്കുന്നു. പച്ചക്കറി വിലയും ഉയരുക തന്നെയാണ്. പച്ചമുളക്, തക്കാളി, കാരറ്റ്, ബീൻസ് എന്നിവക്കെല്ലാം വില വർധിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ മഴ തുടരുന്നതാണ് തക്കാളി, പച്ചമുളക് എന്നിവയുടെ വില വർധനക്ക് കാരണം. എന്നാൽ ഉള്ളിക്കും ഉരുളക്കിഴങ്ങിനും കാര്യമായ വ്യത്യാസങ്ങളില്ലെന്ന് വ്യാപാരികൾ പറഞ്ഞു. പച്ചമുളകിനാണ് കുതിച്ചുയരുന്നത്. പച്ചമുളകിന് വില 100 രൂപയിൽ മുകളിലെത്തി. പയർ വർഗങ്ങൾക്കും വില കുതിക്കുകതന്നെയാണ്.ഓണനാളുകൾ അടുത്തതിനാൽ പച്ചക്കറി വില ഇനിയും ഏറാനാണ് സാധ്യത. പച്ചക്കറി ഉൽപാദനത്തില് വലിയ നേട്ടം കൈവരിക്കാന്‍ കേരളത്തിന് സാധിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി മാറി. സ്വയംസഹായ സംഘങ്ങള്‍ പോലും കൃഷിയോട് വലിയ താൽപര്യം കാണിക്കുന്നില്ല. രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ദേശീയ തലത്തില്‍ 2.1 ശതമാനമാണ്. കേരളത്തിലിത് 6.7 ശതമാനവും. ഇതിനാൽ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനായി മലയാളികള്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നു. ഇത് കുടുംബ ബജറ്റിനെതന്നെ താളംതെറ്റിക്കുന്നു. പ്രത്യേകിച്ച്, ഇടത്തരം വരുമാനക്കാരെ.
