
കര്‍ണാടകയിലടക്കം വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ തെളിവടക്കമുള്ള ആരോപണം പുറത്തുവന്നതോടെ വിഷയത്തില്‍ ഇടപെട്ട് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് ഒത്തുകളിച്ചെന്നും തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ രാഹുല്‍ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. പ്രതിപക്ഷ നേതാവിന്റെ വ്യാഴാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് രാഹുല്‍ഗാന്ധിക്ക് കത്തയച്ചത്.
ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭ മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ട് മോഷണം നടത്തിയാണ് ബിജെപി കോണ്‍ഗ്രസിനെതിരേ വിജയിച്ചതെന്ന് തെളിവുകള്‍ നിരത്തി വാദിച്ച രാഹുല്‍ ഗാന്ധി മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യമെമ്പാടും ഇത്തരത്തില്‍ ബിജെപി വോട്ടര്‍ പട്ടിക അട്ടിമറിച്ചാണ് ബിജെപി അധികാരത്തില്‍ തുടര്‍ന്നതെന്ന് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നടന്ന ക്രമക്കേടിന്റെ തെളിവുകള്‍ നിരത്തിയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം സമര്‍ത്ഥിച്ചത്. ഇതോടെ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന്റെ വസ്തുതകളടക്കം ഒപ്പിട്ട സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടത്. വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദേശിച്ചത്. ഇതിനായുള്ള സത്യവാങ്മൂലത്തിന്റെ മാതൃകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് അയച്ചുനല്‍കി. വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഈ നടപടിയെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.
ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭ മണ്ഡലത്തില്‍ മാത്രം 1,00,250 വോട്ടുകള്‍ കവര്‍ന്നെടുക്കപ്പെട്ടെന്ന് രാഹുല്‍ഗാന്ധിയുടെ ആരോപണം. ഇരട്ടവോട്ടര്‍മാര്‍, വ്യാജമായതോ നിലവില്ലാത്തതോ ആയ വിലാസത്തിലുള്ള വോട്ടര്‍മാര്‍, ഒരുവിലാസത്തില്‍ തന്നെ നിരവധി വോട്ടര്‍മാര്‍, അസാധുവായ ഫോട്ടോകളുള്ള വോട്ടര്‍മാര്‍, ഫോം 6-ന്റെ ദുരുപയോഗം എന്നിങ്ങനെ വിവിധ വഴികളിലൂടെയാണ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ തെളിവുകളും വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.
കര്‍ണാടകയിലെ 16 ലോക്സഭ മണ്ഡലങ്ങളില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. പക്ഷേ, 9 മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. അതോടെ അപ്രതീക്ഷിത തോല്‍വിയുണ്ടായ ഏഴുമണ്ഡലങ്ങളില്‍ ഒന്നായ ബെംഗളൂരു സെന്‍ട്രലിലും അതില്‍ ഉള്‍പ്പെട്ട മഹാദേവപുര നിയസഭ മണ്ഡലത്തിലും കോണ്‍ഗ്രസ് പരിശോധന നടത്തിയതോടെയാണ് വോട്ടിംഗിലെ ക്രമക്കേട് വ്യക്തമായത്. കോണ്‍ഗ്രസ് തങ്ങളുടെ സന്നാഹം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് വോട്ടുമോഷണത്തിന്റെ ഞെട്ടിക്കുന്നവിവരങ്ങള്‍ കണ്ടെത്തിയതെന്നും രാഹുല്‍ഗാന്ധി വാര്‍ത്ത സമ്മേളനത്തില്‍ തെളിവ് പുറത്തുവിട്ടു പറഞ്ഞു. മഹാദേവപുരയില്‍ മാത്രം 1,00,250 വോട്ടുകളിലാണ് ക്രമക്കേട് നടന്നത്.
”ഞാന്‍ ഒരു രാഷ്ട്രീയക്കാരനാണ്. ഞാന്‍ ജനങ്ങളോട് എന്താണ് പറയുന്നത് അത് എന്റെ വാക്കാണ്. എല്ലാവരോടും പരസ്യമായിട്ടാണ് ഞാന്‍ അത് പറയുന്നത്. അത് ഒരു സത്യപ്രതിജ്ഞയായി എടുക്കുക. ഇതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റയാണ്. ആ ഡേറ്റയാണ് ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചതും. ഇത് ഞങ്ങളുടെ ഡേറ്റയല്ല. രസകരമെന്ന് പറയട്ടെ, അവര്‍ ഇതിലെ വിവരങ്ങളൊന്നും നിഷേധിച്ചിട്ടില്ല. രാഹുല്‍ഗാന്ധി സംസാരിച്ച വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ തെറ്റാണെന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാതിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് തെറ്റാണെന്ന് പറയാത്തത്. കാരണം അവര്‍ക്ക് സത്യം അറിയാം. രാജ്യത്താകെ ഇങ്ങനെചെയ്തിട്ടുണ്ടെന്നും അവര്‍ക്കറിയാം’,
താന്‍ പറഞ്ഞ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിനെക്കുറിച്ചും രാഹുല്‍ഗാന്ധി പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് ഒത്തുകളിച്ചെന്നും തിരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമായിരുന്നു രാഹുല്‍ഗാന്ധിയുടെ ആരോപണം. കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭ മണ്ഡലത്തില്‍ ക്രമക്കേട് നടന്നരീതിയും ഇതിന്റെ വിശദാംശങ്ങളും വ്യാഴാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി വിശദീകരിച്ചിരുന്നു. മഹാദേവപുരയിലെ കണക്കെടുക്കുമ്പോള്‍ അതിങ്ങനെയാണ്.
ഇരട്ടവോട്ടര്‍മാര്‍- 11965
വ്യാജമോ അസാധുവോ ആയ വിലാസത്തിലുള്ള വോട്ടര്‍മാര്‍- 40,009
ഒരുവിലാസത്തിലുള്ള നിരവധിവോട്ടര്‍മാര്‍- 10452
അസാധുവായ ഫോട്ടോയുള്ള വോട്ടര്‍മാര്‍- 4132
ഫോം 6 ദുരുപയോഗംചെയ്ത വോട്ടര്‍മാര്‍- 33,692
1. ഇരട്ടവോട്ടര്‍മാര്‍ എങ്ങനെയാണ് വോട്ട് അട്ടിമറിക്കുന്നതെന്നും രാഹുല്‍ ഗാന്ധി തെളിവ് നിരത്തി വ്യക്തമാക്കി. ഗുര്‍കിരാത് സിങ് ഡാങ് എന്ന പേരിലുള്ള വോട്ടര്‍ മാത്രം നാല് വ്യത്യസ്ത പോളിങ് ബൂത്തുകളിലെ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചു. ഇങ്ങനെ ആയിരക്കണക്കിന് പേര്‍ മണ്ഡലത്തിലുണ്ട്. ആദിത്യ ശ്രീവാസ്തവ എന്നയാള്‍ 458, 459 എന്നീ ബൂത്തുകളില്‍ വോട്ട്ചെയ്തു. ഇതേയാള്‍ ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും വോട്ടര്‍പട്ടികയിലും ഉണ്ട്. അവിടെയും ഇയാള്‍ വോട്ട് ചെയ്തു. ഇത്തരത്തില്‍ 11965 പേരാണ് മഹാദേവപുരയിലെ വോട്ടര്‍പട്ടികയിലുള്ളത്.
2.വോട്ട് അട്ടിമറിക്കാന്‍ വ്യാജവിലാസവും കേന്ദ്രഭരണം കയ്യാളുന്ന പാര്‍ട്ടി ഉപയോഗിച്ചിട്ടുണ്ട്. വ്യാജമായ വിലാസമാണ് വോട്ടര്‍പട്ടികയിലെ പലര്‍ക്കുമുള്ളത്. വീട്ടുനമ്പറിന്റെ സ്ഥാനത്ത് പൂജ്യം എന്നുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെയും ആയിരക്കണക്കിന് പേരുണ്ട്. പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാത്രം ചേര്‍ത്തവരുമുണ്ട്. ഒരാളുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ചില ഇംഗ്ലീഷ് അക്ഷരങ്ങള്‍ മാത്രമാണുള്ളത്. മറ്റൊന്ന് നിലവിലില്ലാത്ത വിലാസമാണ്. അവിടെപോയി അന്വേഷിച്ചപ്പോള്‍ അങ്ങനെ ആളുകളേ ഇല്ലെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.
3.ഒരേവിലാസത്തില്‍ മാത്രം ഒട്ടനവധി വോട്ടര്‍മാര്‍ എന്ന പ്രതിഭാസവും രാഹുല്‍ ഗാന്ധി തുറന്നുകാട്ടി. ഒരു വീട്ടുനമ്പറിലുള്ളത് 80 വോട്ടര്‍മാരാണ്. മറ്റൊരിടത്ത് ഇതുപോലെ ഒരുവിലാസത്തില്‍ 46 വോട്ടര്‍മാരും. പക്ഷേ, ആ വിലാസത്തില്‍ അവരൊന്നും താമസിക്കുന്നില്ല. ഒരു ബ്രൂവറിയുടെ വിലാസത്തില്‍ മാത്രം 68 വോട്ടര്‍മാരുണ്ട്. പക്ഷേ, അവിടെപോയി അന്വേഷിച്ചപ്പോള്‍ ഇവരെയൊന്നും അവര്‍ക്ക് അറിയുകപോലുമില്ല. അങ്ങനെ ആള്‍ക്കാരുമില്ല. ‘153 ബിയര്‍ ക്ലബ്’ എന്നാണ് ഇത്തരത്തില്‍ ചേര്‍ത്ത വിലാസങ്ങളിലൊന്ന്. 10452 വോട്ടര്‍മാര്‍ ഇങ്ങനെയുണ്ട്.
4. വോട്ടര്‍പട്ടികയിലെ നാലായിരത്തോളം പേര്‍ക്ക് ഫോട്ടോയില്ല. ഇനി ഉണ്ടെങ്കില്‍ത്തന്നെ ഫോട്ടോ വളരെ ചെറുതും അവ്യക്തവുമാണ്. ഇത്തരത്തില്‍ മൈക്രോസൈസ് ഫോട്ടോയുള്ള നിരവധിപേരാണ് വോട്ടര്‍പട്ടികയിലുള്ളത്. ഇങ്ങനെ 4132 വോട്ടര്‍മാരാണുള്ളത്.
5. വോട്ടര്‍പട്ടികയില്‍ ആദ്യമായി പേര് ഉള്‍പ്പെടുത്താനായി 18 വയസ്സ് തികഞ്ഞവര്‍ നല്‍കുന്ന അപേക്ഷയാണ് ഫോം 6. ഫോം 6 ദപരപയോഗം ചെയ്തും ഇത്തരത്തില്‍ വോട്ട് അട്ടിമറിച്ചിട്ടുണ്ട്. ഉദാഹരണ സഹിതം കോണ്‍ഗ്രസ് ഇതും തെളിയിക്കുന്നു. ഫോം 6 ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്ത ഒരാളാണ് ‘ഷഖുന്‍ റാണി’. ഇവരുടെ വയസ്സ് 70. ഇവരുടെ ഫോട്ടോ കണ്ടാല്‍ത്തന്നെ പുതിയ വോട്ടര്‍ അല്ലെന്ന് മനസിലാകും. ഇവര്‍ രണ്ടുതവണയാണ് ഫോം 6 ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത്. 13.09.2023-ലും 31.10.2023 ലും ഫോം 6 ഉപയോഗിച്ചു വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു. രണ്ടുവോട്ട് ചെയ്യുകയുംചെയ്തു. ഇവരോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ആയിരിക്കും വോട്ട് ചെയ്തിട്ടുണ്ടാവുക. ഇങ്ങനെ 33692 പേരാണ് വോട്ടര്‍പട്ടികയിലുള്ളത്. 98,95 വയസ്സുള്ളവരെല്ലാം ഫോം 6 ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ട്.
ഇതെല്ലാം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി വലിയൊരു അട്ടിമറിയുടെ തെളിവുകളാണ് പുറത്തുവിട്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടി വര്‍ഷങ്ങളായി തുടര്‍ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയുടെ സ്ഥിതി എന്തെന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്.
