രാഹുലിന്‍റെ ആരോപണങ്ങൾ വളരെ ഗുരുതരം, ഗൗരവമായി കണക്കിലെടുക്കണം’; പിന്തുണച്ച് ശശി തരൂര്‍

‘
ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്ന് ബിജെപി വോട്ട് മോഷണം നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ഗുരുതരമാണെന്ന് ശശി തരൂര്‍ എംപി. ഇത് ഗൗരവമായി കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമീപകാലത്ത് മോദിയെയും കേന്ദ്രസര്‍ക്കാരിനെയും അനുകൂലിച്ചുകൊണ്ടുള്ള തരൂരിന്‍റെ അഭിപ്രായപ്രകടനങ്ങൾക്കിടെ രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള കോൺഗ്രസ് എംപിയുടെ പോസ്റ്റ് ശ്രദ്ധ നേടിയിരിക്കുകയാണ്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ടര്‍മാരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പരിഹരിക്കേണ്ട ഗൗരവമേറിയ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരിക്കുന്നതെന്ന് തരൂര്‍ എക്‌സിൽ കുറിച്ചു. ഇന്ത്യന്‍ ജനാധിപത്യം ഏറെ വിലപ്പെട്ടതാണ്. ഇതിന്‍റെ വിശ്വാസ്യത കഴിവില്ലായ്മ, അശ്രദ്ധ, മനഃപൂര്‍വമായ കൃത്രിമത്വം എന്നിവ കാരണം നഷ്ടപ്പെടുന്ന നിലയുണ്ടാകരുത്. രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. വിഷയത്തെ കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ രാജ്യത്തെ ബോധിപ്പിക്കണം എന്നും തരൂര്‍ പറയുന്നു. ഇലക്ഷന്‍ കമ്മീഷന്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് തരൂരിന്‍റെ പോസ്റ്റ്.ഇന്നലെ ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ക്രമക്കേടുകളുടെ തെളിവുകൾ സഹിതം രാഹുൽ ഗാന്ധി പുറത്തുവിട്ടത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്‍റേഷനുമായാണ് രാഹുൽ വാർത്താസമ്മേളനം ആരംഭിച്ചത്. ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും എന്നാൽ, കഴിഞ്ഞ കുറച്ച് കാലമായി ജനങ്ങൾക്കിടയിൽ സംശയം ഉയർന്നിട്ടുണ്ടെന്നും പറഞ്ഞാണ് രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചത്.മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടായിരുന്നു. അവിടെ അസാധാരണ പോളിങ്ങാണ് നടന്നത്. 5 മണി കഴിഞ്ഞപ്പോൾ പോളിങ് പലയിടത്തും കുതിച്ചുയർന്നു. ഒരു ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോൾ ആകെയുള്ള 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേരും വ്യാജന്മാരാണെന്നു കണ്ടെത്തിയെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു
