ഡോക്ടർമാരില്ല; താളം തെറ്റി കോട്ടയം ജനറൽ ആശുപത്രി

കോട്ടയം: വിവിധ വിഭാഗങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് ജനറൽ ആശുപത്രി പ്രവർത്തനം താളം തെറ്റിക്കുന്നു. ഒ.പി മുടങ്ങുന്നതും പതിവായി. ഒഫ്താൽമോളജി ഒ.പിയിൽ ദിവസം 400-450 രോഗികൾ വന്നിരുന്ന സ്ഥാനത്ത് എത്തുന്നത് 70 ഓളം പേർ മാത്രം. സർജറി വിഭാഗത്തിൽ നാലു ഡോക്ടർമാർ ഉണ്ടായിരുന്നിടത്ത് രണ്ടു പേരേയുള്ളൂ. മെഡിസിൻ, ഓർത്തോ, നെഞ്ചുരോഗ വിഭാഗം എന്നിവിടങ്ങളിലും ഈ അവസ്ഥയാണ്.അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറാണുള്ളത്. ഉച്ചക്കു ശേഷം ഇവിടെ തിരക്ക് നിയന്ത്രാണാതീതമാണ്. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. ഒഫ്താൽമോളജിയിൽ സീനിയർ കൺസൾട്ടന്റ് പോസ്റ്റ് ഒഴിഞ്ഞിട്ട് വർഷങ്ങളായി. ന്യൂറോ ഡോക്ടർ 2022ൽ കാസർകോട്ടേക്ക് സ്ഥലം മാറ്റി. പകരം ആളില്ല. പി.ജി. വിദ്യാർഥികൾ ഉള്ളതിനാലാണ് പരാതികളില്ലാതെ പോയിരുന്നത്. ഇപ്പോൾ അവരും ഇല്ല.
