National

വിവാദവ്യവസ്ഥ നിലനിര്‍ത്തി മൂന്നുമിനിറ്റുകൊണ്ട് പുതിയ ആദായനികുതിബില്‍ പാസാക്കി

ന്യൂഡല്‍ഹി: ആദായനികുതിപരിശോധനകളില്‍ ആരോപണവിധേയന്റെ കംപ്യൂട്ടർ സംവിധാനത്തിന്റെ ആക്സസ് കോഡ് ലഭ്യമല്ലെങ്കില്‍ അതിനെ മറികടന്ന് അവ തുറന്നുപരിശോധിക്കാൻ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമതിനല്‍കുന്ന വിവാദവ്യവസ്ഥ നിലനിർത്തി പുതിയ ആദായനികുതി ഭേദഗതിബില്‍.

ലോക്സഭയില്‍ വെള്ളിയാഴ്ച പിൻവലിച്ച ബില്ലിനുപകരമായാണ് ധനമന്ത്രി നിർമലാ സീതാരാമൻ പുതിയ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷബഹളത്തിനിടെ ബില്‍ ലോക്സഭ പാസാക്കി. ചർച്ചകൂടാതെ മൂന്നുമിനിറ്റിനകം പാസാക്കുകയായിരുന്നു.

ആദായനികുതിലംഘനം ചുമത്തി വ്യക്തികളുടെ വാട്സാപ്പ്, ഇ-മെയില്‍ അടക്കമുള്ള അക്കൗണ്ടുകളിലേക്ക് സർക്കാർസംവിധാനങ്ങള്‍ക്ക് കടന്നുകയറാൻ അവസരമുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഭാഷ ലഘൂകരിക്കാനെന്ന പേരില്‍ കടുത്തവ്യവസ്ഥ അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ആക്ഷേപം.

നികുതി അധികാരികള്‍ക്ക് ഏതെങ്കിലും വാതില്‍, ബോക്സ്, ലോക്കർ, സേഫ്, അലമാര മുതലായവയുടെ പൂട്ട് സ്വമേധയാ തുറക്കാനും കംപ്യൂട്ടർ സിസ്റ്റത്തിന്റെ ആക്സസ് കോഡ് ലഭ്യമല്ലെങ്കില്‍ അത് മറികടക്കാനും അവകാശമുണ്ടെന്നാണ് പുതിയ ബില്ലില്‍ പറയുന്നത്.

ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യുന്നതില്‍ കാലതാമസം വരുത്തിയാലും നികുതിദായകന് റീഫണ്ടിന് അവകാശവാദമുന്നയിക്കാൻ ബില്ലില്‍ വ്യവസ്ഥയുണ്ട്. സങ്കീർണമായ ബില്ലിനെ ലളിതവത്കരിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ വ്യവസ്ഥകള്‍ വെട്ടിക്കുറച്ച്‌ ലഘൂകരിച്ചുള്ളതാണ് പുതിയ ഭേദഗതിബില്‍. സെലക്‌ട് കമ്മിറ്റി സമർപ്പിച്ച ഭേദഗതിനിർദേശങ്ങളില്‍ ഏറെയും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയതായി ധനമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button