
വഡോദര: ഭര്‍ത്താവിനേക്കാള്‍ പ്രായക്കൂടുതലുള്ള ഭാര്യയ്ക്ക് കുട്ടികളുണ്ടാകാന്‍ 40 കാരിയെ പീഡിപ്പിച്ച് ഭര്‍ത്തൃപിതാവും സഹോദരീഭര്‍ത്താവും. ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ നവപുര പോലീസ് കേസെടുത്തു. പീഡനത്തെ ഭര്‍ത്താവ് ന്യായീകരിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ സ്വകാര്യചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതിയെക്കാള്‍ ഇളയ ആളായിരുന്നു ഭര്‍ത്താവ്. 2024 ഫെബ്രുവരിയിലാണ് യുവതി വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു താമസം. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും യുവതി ഗര്‍ഭിണിയാകാത്തതിനെ തുടര്‍ന്ന് ഇരുവരും ചികിത്സയ്ക്ക് പോയെങ്കിലും ഭര്‍ത്താവിന് കൗണ്ട് കുറവായതിനാല്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കുറവാണെന്നായിരുന്നു വിലയിരുത്തല്‍. ഭര്‍ത്താവിന്റെ ബീജസംഖ്യ കുറവാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് അവര്‍ ഐവിഎഫിന് വിധേയരായിട്ടും ഫലപ്രദമായില്ല.
കുട്ടിയെ ദത്തെടുത്ത് വളര്‍ത്താനുള്ള ഇവരുടെ നീക്കം ഭര്‍ത്തൃവീട്ടുകാര്‍ സമ്മതിക്കാതെയും വരികയായിരുന്നു. എന്നാല്‍ 2024 ജൂലൈയില്‍ രാത്രിയില്‍ മകന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറിയ പിതാവ് മരുമകളെ ബലാത്സംഗത്തിന് ഇരയാക്കി. പിന്നാലെ ഭര്‍ത്താവിന്റെ സഹോദരീഭര്‍ത്താവും യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി. നിലവിളിച്ചപ്പോള്‍ ഇരുവരും മര്‍ദ്ദിച്ചെന്നും ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ആരോടും പറയരുതെന്നായിരുന്നു നല്‍കിയ മറുപടിയെന്നും യുവതി പറഞ്ഞു.
തനിക്കൊരു കുട്ടിയെ വേണമെന്നും തന്റെ പിതാവിന്റെയും സഹോദരീഭര്‍ത്താവിന്റെയും ബലാത്സംഗ വിവരം പുറത്തു പറഞ്ഞാല്‍ യുവതിയുടെ നഗ്നചിത്രം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. ഭര്‍തൃപിതാവ് പലതവണ ബലാത്സംഗം ചെയ്തിട്ടും ഗര്‍ഭിണിയാകാതെ വന്നതോടെയാണ് 2024 ഡിസംബറില്‍ ഭര്‍ത്തൃസഹോദരിയുടെ ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തെന്നും ഇതേ തുടര്‍ന്ന് യുവതി ഗര്‍ഭിണിയായെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഈ ഗര്‍ഭം അലസിപ്പോയെന്നും യുവതി പറയുന്നു. ജൂലൈ അവസാനത്തോടെ ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് റജിസ്റ്റര്‍ ചെയ്തു.
