വോട്ട് കൊള്ള: രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

ന്യൂഡല്‍ഹി: വോട്ട് കൊള്ളയില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. വ്യാഴാഴ്ച രാത്രി 8ന് മെഴുകുതിരി തെളിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കൂടാതെ, എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഈ മാസം 22 മുതൽ സെപ്തംബര്‍ 7 വരെ പ്രതിഷേധ റാലികളും സംഘടിപ്പിക്കും. ‘വോട്ട് കള്ളൻ സിംഹാസനം വിട്ടുപോകുക’ എന്ന ടാഗിൽ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ15 വരെ പ്രത്യേക പ്രചാരണം നടത്താനും എഐസിസി യോഗത്തിൽ തീരുമാനമായി.2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ വൻ അട്ടിമറി നടന്നുവെന്നാണ് തെളിവുസഹിതം രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. കർണാടകയിലെ ഒരു ലോക്സഭ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷം കള്ളവോട്ട് ചേർത്തു എന്നാണ് തെളിവുകൾ സഹിതം രാഹുല്‍ പുറത്തിട്ടത്. വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കും പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തിയിരുന്നു. മാർച്ച് സംഘർഷത്തിൽ അവസാനിച്ചതോടെ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള ഇന്‍ഡ്യ മുന്നണിയുടെ മാർച്ചിന് വലിയ ജന പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.
