വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ബാറ്റർമാരുടെ ഏകദിന റാങ്കിംഗിൽ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 2025 ലെ ഐപിഎൽ മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും, ഐസിസിയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്താണ്. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് പരാജയങ്ങൾക്ക് ശേഷം പാകിസ്ഥാൻ താരം ബാബർ അസം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് രോഹിത്തിന്റെ രണ്ടാം സ്ഥാനത്തേക്കുള്ള കുതിപ്പ്.
ഒന്നാം സ്ഥാനം നിലനിർത്തിയ ശുഭ്മാൻ ഗില്ലിന് പിന്നിലാണ് രോഹിത്. ഗില്ലിന് 784 പോയിന്റും രോഹിത്തിന് 756 പോയിന്റുമാണ് ഉള്ളത്. ബാബർ 751 പോയിന്റിലേക്ക് താഴ്ന്നു. 736 പോയിന്റുമായി വിരാട് കോഹ്‌ലി നാലാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കായി കളിക്കളത്തിലേക്ക് തിരിച്ചെത്തുമ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനം നേടാനാണ് വെറ്ററൻ ലക്ഷ്യമിടുന്നത്.
ഐസിസി ഏകദിന ബാറ്റ്‌സ്മാൻ റാങ്കിംഗ്
ശുഭ്മാൻ ഗിൽ – ഇന്ത്യ – 784രോഹിത് ശർമ്മ – ഇന്ത്യ – 756ബാബർ അസം – പാകിസ്ഥാൻ – 751വിരാട് കോഹ്‌ലി – ഇന്ത്യ – 736ഡാരിൽ മിച്ചൽ – ന്യൂസിലൻഡ് – 720
അതേസമയം, രോഹിത്തിന്റെയും കോഹ്‌ലിയുടെയും ഭാവി തീരുമാനിക്കാൻ ബിസിസിഐ തിടുക്കം കാട്ടുന്നില്ല. ഒക്ടോബറിലെ ഓസ്‌ട്രേലിയൻ പര്യടനത്തിലൂടെ ഇരുതാരങ്ങളും കളിക്കളത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങൾക്കായി വിരാടും രോഹിതും തയ്യാറെടുപ്പുകൾ തുടങ്ങി. രോഹിത് അഭിഷേക് നായരോടൊപ്പം പരിശീലനം നടത്തുമ്പോൾ കോഹ്‌ലി ലണ്ടനിൽ ഇൻഡോർ നെറ്റ് സെഷൻ നടത്തി.
