ധർമസ്ഥലയിൽ കുഴിച്ചിട്ടവരുടെ കൂട്ടത്തിൽ മലയാളി യുവതിയും; വീണ്ടും വെളിപ്പെടുത്തൽ നടത്തി മുൻ ശുചീകരണതൊഴിലാളി

ധർമസ്ഥലയിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ വീണ്ടും വെളിപ്പെടുത്തലുമായി മുൻ ശുചീകരണതൊഴിലാളി. ധർമസ്ഥലയിൽ മലയാളി യുവതിയുടെ മൃതദേഹം മറവ് ചെയ്തിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ. അതേസമയം രണ്ടാഴ്ചയായി തുടരുന്ന മണ്ണുനീക്കം പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. മണ്ണുനീക്കം ചെയ്തുള്ള പരിശോധനയിൽ രണ്ട് സ്പോട്ടുകളിൽ നിന്ന് മാത്രമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
മലയാളി പെൺകുട്ടിയുടെ മൃതദേഹം താൻ മറവ് ചെയ്തിട്ടുണ്ടെന്നാണ് മുൻ ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തൽ. ഈ സ്പോട്ട് പ്രത്യേക അന്വേഷണസംഘത്തിന് കാട്ടിക്കൊടുത്തുവെന്നും എന്നാൽ ഇവിടമാകെ പാറകൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഇയാൾ പറഞ്ഞു. മണ്ണിട്ട് നിലം പൊക്കിയിട്ടുമുണ്ട്. ഭൂപ്രകൃതിയിലുണ്ടായ വലിയ മാറ്റം തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. താൻ ചെയ് തെറ്റ് തിരിച്ചറിഞ്ഞാണ് മടങ്ങി വന്ന് അന്വേഷണം ആവശ്യപ്പെട്ടത്. തന്റെ ഓർമയിൽ നിന്നാണ് ഓരോ സ്ഥലവും കാട്ടിക്കൊടുക്കുന്നതെന്നും ശുചീകരണതൊഴിലാളി പറഞ്ഞു.
അതേസമയം മൃതദേഹം കുഴിച്ചിട്ടിടത്ത് പാറകൾകൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ പരിശോധനയിൽ അസ്ഥികൾ കണ്ടെത്താനായില്ല. ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് തെരച്ചിലിനെ ബാധിക്കുന്നതെന്നും തന്റെ വെളിപ്പെടുത്തൽ ശരിരാണെന്ന് തെളിയുമെന്നും ഇയാൾ പറഞ്ഞു. അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്താനാകാത്തതിന്റെ പശ്ചാത്തലത്തിൽ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
