CrimeNationalSpot lightTech

CAPTCHA’കളെ കണ്ണടച്ച് ഇനി വിശ്വസിക്കരുത്; വൻ തട്ടിപ്പിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ഡൽഹി: വിവിധ ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണ് നമ്മള്‍. പല സൈറ്റുകളിലേക്കും കടന്നുചെല്ലാന്‍ ക്യാപ്ച (captcha) കോഡുകളും നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ എല്ലാ ക്യാപ്ചകളെയും ഇനി കണ്ണടച്ച് വിശ്വസിക്കേണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൃത്രിമ ക്യാപ്ചകളുണ്ടാക്കി തട്ടിപ്പുനടത്തുന്ന പുതിയ വിദ്യയുമായെത്തിയിരിക്കുകയാണ് സൈബര്‍ കുറ്റവാളികള്‍.ഉപയോഗിക്കുന്നയാള്‍ റോബോട്ട് അല്ല, മനുഷ്യനാണെന്നുറപ്പാക്കുന്നതിനായാണ് സാധാരണ സൈറ്റുകളില്‍ ക്യാപ്ചകള്‍ രൂപപ്പെടുത്തുന്നത്. ‘അയാം നോട്ട് എ റോബോട്ട്’ എന്നാണിതിന്റെ തലക്കെട്ടുപോലും. വ്യക്തമല്ലാത്ത അക്ഷരങ്ങളോ ചിത്രങ്ങളോ പസിലുകളോ ആണ് തിരിച്ചറിയാനായി നമുക്ക് നല്‍കുക. ഇത് ശരിയായി ഇന്‍പുട്ട് ചെയ്താല്‍ സൈറ്റിലേക്ക് പ്രവേശനം ലഭിക്കും. ഇതേരീതിതന്നെയാണ് തട്ടിപ്പുകാരും ഉപയോഗിക്കുന്നത്. ഉപയോക്താവിന് താത്പര്യമുള്ള പരസ്യങ്ങളിലൂടെയോ വെബ്‌സൈറ്റുകളിലൂടെയോ വ്യാജ ഇ-മെയിലുകളിലൂടെയോ ആവാം വ്യാജ ക്യാപ്ചകള്‍ മുന്നിലെത്തിക്കുന്നത്. കണ്ടുപരിചയിച്ചതിനാല്‍ കൂടുതല്‍ ചിന്തിക്കാതെ ഉപയോക്താവ് ക്യാപ്ചയിലേക്ക് പ്രവേശിക്കുകയും ചതിയില്‍പ്പെടുകയും ചെയ്യുന്നു.സാധാരണ ക്യാപ്ചയും വ്യാജ ക്യാപ്ചയും തിരിച്ചറിയാൻ ശ്രമിക്കണം.ക്യാപ്ച കോഡുകള്‍ രണ്ടിലും ഒരുപോലെയായിരിക്കും. വിശ്വാസ്യയോഗ്യമായ വെബ്‌സൈറ്റുകളില്‍ വരുന്ന ക്യാപ്ചകള്‍ അക്കങ്ങളോ ചിത്രങ്ങളോ ഉള്‍പ്പെടുന്ന നേരിട്ടുള്ള ടാസ്‌കുകളാണ് നല്‍കുക. അതേസമയം, വ്യാജ ക്യാപ്ചകള്‍ ഉചിതമല്ലാത്ത ചില ടാസ്‌കുകളാണ് നല്‍കുക. അതായത്, ചില ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, വ്യക്തിപരമോ സാമ്പത്തികപരമോ ആയ ഡാറ്റകള്‍ നല്‍കുക, നോട്ടിഫിക്കേഷന്‍ ലഭിക്കാനായി ‘ALLOW’ ക്ലിക്ക് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നമുക്ക് നല്‍കുന്നു. ഇത്തരം വെബ്‌സൈറ്റുകളുടെ അഡ്രസില്‍ അക്ഷരത്തെറ്റോ അസാധാരണത്വമോ കാണാനാകും. ഇവിടെ ക്യാപ്ച വെബ്‌പേജുകളില്‍ നേരിട്ടല്ലാതെ പുതിയ ഒരുപേജ് തുറന്നുവരും.ഇത്തരം തട്ടിപ്പിലകപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഉടനെ സൈറ്റില്‍നിന്ന് പിന്‍വാങ്ങി ഇന്റര്‍നെറ്റ് കണക്ഷന്‍ ഓഫ്‌ചെയ്യുക. പാസ് വേഡുകള്‍ പെട്ടെന്നുതന്നെ മാറ്റണം. ഏതെങ്കിലും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അവ ഓപ്പണ്‍ചെയ്യാതെ ഡിലീറ്റ്‌ ചെയ്യുകയും വേണം. ഇത്തരം സാഹചര്യങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ സാമ്പത്തിക നഷ്ടം ഉള്‍പ്പെടെയുണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button