തലശേരി ബിരിയാണി രുചി ഇനി എമിറേറ്റ്സിന്റെ മെനുവിലും


തലശ്ശേരി ബിരിയാണിയുടെ രുചി ഇനി ആകാശത്തും ആസ്വദിക്കാം. തലശ്ശേരി ബിരിയാണിയുടെ പെരുമ വാനോളം ഉയര്‍ത്തി യുഎഇയുടെ എമിറേറ്റ്സ് എയര്‍ലൈന്‍സ്.
എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ മെനുവില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് തലശ്ശേരി ബിരിയാണിയും.
എമിറേറ്റ്സിന്റെ പുതുക്കിയ മെനുവില്‍ തലശ്ശേരി ബിരിയാണിക്ക് പുറമെ കുക്കുമ്പന് റൈത്തയും പനീര്‍ ചെട്ടിനാടും ഇടം നേടി. ഡിന്നര്‍ വിഭാഗത്തിലാണ് ഇവ മെനുവില്‍ ഇടം നേടിയത്. ഇനി മലയാളികള്‍ക്ക് ആകാശയാത്രയിലും തലശ്ശേരി ബിരിയാണി രുചിക്കാനാകും. കേരളമടക്കമുള്ള ഇന്ത്യന്‍ സെക്ടറുകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നാടന്‍ രുചികള്‍ ആസ്വദിച്ച് യാത്ര ചെയ്യാം. തലശ്ശേരി ബിരിയാണിയുടെ പെരുമ വര്‍ധിച്ചതോടെ ഇതിന് ഉപയോഗിക്കുന്ന ജീരകശാല അരിയുടെ കയറ്റുമതിയും ഉയര്‍ന്നിരുന്നു. ഒരു മാസം മുമ്പ് കിലോക്ക് 120 രൂപയായിരുന്നു വിലയെങ്കില്‍ കല്യാണ സീസണ് തുടങ്ങിയതോടെ 183 രൂപയായി. 63 രൂപയാണ് ഒരു മാസം കൊണ്ട് വര്‍ധിച്ചത്. എമിറേറ്റ്സിന്റെ മെനുവില്‍ കൂടി ഇടം നേടിയതോടെ തലശ്ശേരി ബിരിയാണിയുടെ പ്രശസ്തി ഇനിയും അന്താരാഷ്ട്ര നിലയിലേക്ക് ഉയരും. മലയാളികള്‍ക്ക്, പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക് സന്തോഷം നല്കുന്ന തീരുമാനമാണ് എമിറേറ്റ്സിന്റേത്.
